എൻപിആർ: എൻആർസിയിലേക്ക്‌ ഒരു ചുവട്‌ കൂടി

ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) തമ്മിൽ ഒരു ബന്ധവുമില്ലെന്ന്‌ സ്ഥാപിക്കാനുള്ള വൃഥാശ്രമത്തിലാണ്‌ കേന്ദ്ര സർക്കാരും സംഘപരിവാറും.

പൗരത്വ നിയമത്തിന്റെയും അതിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ എന്താണ്‌ എൻപിആറും എൻആർസിയുമെന്ന്‌ ഒരു പരിശോധന.

പൗരത്വ നിയമം

ആരാണ്‌ ഇന്ത്യൻ പൗരൻ എന്ന്‌ നിർവചിച്ചുള്ള പൗരത്വനിയമം 1955 ലാണ്‌ നിലവിൽ വന്നത്‌. പിന്നീട്‌ പല ഭേദഗതികളുണ്ടായി. ജന്മം വഴിയും പിന്തുടർച്ച വഴിയും രജിസ്‌ട്രേഷൻ വഴിയും പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളാണ്‌ നിയമത്തിലുള്ളത്‌. ഒപ്പം മൂന്നാം ഷെഡ്യൂൾ പ്രകാരം വിദേശിക്ക്‌ പൗരത്വം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയും നിയമത്തിൽ വിശദമാക്കുന്നു.

ആരാണ്‌ പൗരൻ

ഇന്ത്യയിൽ ജനിക്കുന്ന ഏതൊരാൾക്കും പൗരത്വം ലഭിക്കുമെന്ന വ്യവസ്ഥയായിരുന്നു നിയമത്തിൽ തുടക്കത്തിൽ. പിന്നീട്‌ നിരവധി ഭേദഗതികൾ വന്നു. 1987 നുശേഷം ജനിച്ചവരുടെ കാര്യത്തിൽ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം. 2003ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച്‌ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻപൗരൻമാരാകണം. അതല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരനല്ലാതിരിക്കുകയും ചെയ്യണം.

എൻആർസി വരുന്നതെങ്ങനെ?

അനധികൃത കുടിയേറ്റക്കാരെ നിർവചിക്കുന്നതിന്റെ ഭാഗമായി നിർബന്ധമായും ദേശീയ പൗരത്വ രജിസ്‌റ്ററിന്‌ (എൻആർസി) രൂപം നൽകണമെന്ന വ്യവസ്ഥ പൗരത്വനിയമത്തിൽ ഉൾപ്പെടുത്തിയത്‌ 2003 ലെ വാജ്‌പേയി സർക്കാരാണ്‌. തുടർന്ന്‌ പുറപ്പെടുവിച്ച ചട്ടങ്ങളിൽ എൻആർസിക്ക്‌ എങ്ങനെ രൂപം നൽകണമെന്ന്‌ വിശദമാക്കുകയും ചെയ്‌തു. ഇതോടൊപ്പം ജനസംഖ്യാ രജിസ്‌റ്ററിന്‌ രൂപം നൽകണമെന്നും നിർദേശിച്ചു. ചുരുക്കത്തിൽ എൻആർസിയും എൻപിആറും പൗരത്വനിയമത്തിന്റെ ഭാഗവും പരസ്‌പരം ബന്ധിതവുമാണ്‌.

എന്താണ്‌ എൻപിആർ

1951 മുതൽ 2001 വരെ ഓരോ 10 വർഷം കൂടുമ്പോഴും വീടുകൾ കയറിയിറങ്ങി ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തിയിരുന്നു. 2011 ൽ രണ്ടാം യുപിഎ സർക്കാർ ആദ്യമായി സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) തയ്യാറാക്കി. 2003 ൽ വാജ്‌പേയി സർക്കാർ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌. രാജ്യത്ത്‌ താമസിക്കുന്നവരുടെ 15 വിവരമാണ്‌ ഇതുപ്രകാരം ശേഖരിച്ചത്‌. പേര്‌, ജനന തീയതി, ജന്മസ്ഥലം, വിലാസം, ഗൃഹനാഥനുമായുള്ള ബന്ധം, ലിംഗം, വിവാഹിതനാണോ അല്ലയോ, ജോലി, അച്‌ഛന്റെയും അമ്മയുടെയും പങ്കാളിയുടെയും പേര്‌, ഏതുരാജ്യത്തെ പൗരൻ, വിദ്യാഭ്യാസ യോഗ്യത, നിലവിലെ വിലാസത്തിലെ താമസക്കാലയളവ്‌. ഒപ്പം ബയോമെട്രിക്‌സ്‌ വിവരവും ശേഖരിച്ചു.

എൻപിആർ പുതിയ വിവാദം

മോഡി സർക്കാർ ഇപ്പോൾ തയ്യാറാക്കുന്ന രണ്ടാം എൻപിആർ പലകാരണങ്ങളാലും വിവാദമായിട്ടുണ്ട്‌. 2011 ൽ ശേഖരിച്ച വിവരങ്ങൾക്ക്‌ പുറമെ മറ്റുചില വിവരങ്ങൾകൂടി ശേഖരിക്കാനുള്ള ശ്രമമാണ്‌ വിവാദത്തിന്‌ കാരണം. മാതാപിതാക്കളുടെ ജനനത്തീയതിയും ജന്മസ്ഥലവും ആരായുന്നതാണ്‌ ഇതിൽ പ്രധാനം. അവസാനം എവിടെയാണ്‌ താമസിച്ചിരുന്നതെന്ന വിവരവും നൽകണം.

എൻആർസിയും എൻപിആറും തമ്മിലെന്ത്‌

2003 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച ചട്ടത്തിൽ ഇവ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിട്ടുണ്ട്‌. പൗരത്വ ചട്ടത്തിലെ മൂന്നാം വകുപ്പുപ്രകാരം രജിസ്‌ട്രാർ ജനറൽ എൻആർസിക്ക്‌ നിർബന്ധമായും രൂപം നൽകണം. സംസ്ഥാനം, ജില്ല, ഉപജില്ല എന്നീ മൂന്ന്‌ തലത്തിലാകും എൻആർസി. എൻപിആർ പരിശോധിച്ചാകണം പ്രാദേശികതലത്തിൽ പൗരത്വ രജിസ്‌റ്റർ തയ്യാറാക്കേണ്ടതെന്ന്‌ മൂന്നാം വകുപ്പിലെ അഞ്ചാം ഉപവകുപ്പ്‌ പറയുന്നു. മാത്രമല്ല, എൻആർസി തയ്യാറാക്കുന്നതിന്റെ ഭാഗമായി എൻപിആർ വഴി ശേഖരിക്കപ്പെടുന്ന വിവരങ്ങൾ പ്രാദേശിക രജിസ്‌ട്രാർ സൂക്ഷ്‌മമായി പരിശോധിക്കണമെന്ന്‌ ചട്ടത്തിലെ 4(3) വകുപ്പും വ്യവസ്ഥ ചെയ്യുന്നു.

പൗരത്വം സംശയിക്കപ്പെട്ടാൽ?

പരിശോധനയിൽ പൗരത്വം സംശയകരമെന്ന്‌ തോന്നിയാൽ ബന്ധപ്പെട്ട കുടുംബത്തെ അറിയിക്കണം. തുടർന്ന്‌ വിശദീകരണത്തിന്‌ അവസരം നൽകാം. ഉപജില്ല–- താലൂക്ക്‌ രജിസ്‌ട്രാർ 90 ദിവസങ്ങൾക്കകം വിശദീകരണത്തിന്മേൽ തീരുമാനമെടുക്കണം. തീരുമാനം തൃപ്‌തികരമല്ലെങ്കിൽ പൗരത്വം സംശയത്തിലായവർക്ക്‌ ജില്ലാ രജിസ്‌ട്രാറിനെ മുപ്പത്‌ ദിവസത്തിനകം സമീപിക്കാം. ഇവിടെയും നിരാകരിക്കപ്പെട്ടാൽ പൗരത്വം റദ്ദാക്കപ്പെടും.

എൻപിആർ എൻആർസിക്ക്‌ മുന്നോടിയെന്ന്‌ ആരുപറഞ്ഞു?

എൻആർസിക്ക്‌ മുന്നോടിയായാണ്‌ എൻപിആർ നടപ്പാക്കുന്നതെന്ന്‌ മോഡി സർക്കാർ പലവട്ടം പാർലമെന്റിൽ പറഞ്ഞിരുന്നു. എൻപിആറും എൻആർസിയും പൗരത്വനിയമത്തിന്റെ ഭാഗമാണെന്നും സർക്കാർ അടിവരയിട്ടതാണ്‌. ആഭ്യന്തര സഹമന്ത്രിയായിരുന്ന കിരൺ റിജിജു 2014 ജൂലൈയിൽ ലോക്‌സഭയിൽ ചോദ്യത്തിന്‌ നൽകിയ മറുപടി: എൻപിആറിലെ എല്ലാവരുടെയും പൗരത്വപദവി പരിശോധിച്ച്‌ ഇന്ത്യൻ പൗരൻമാരുടെ ദേശീയ രജിസ്‌റ്ററിന്‌ രൂപം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. തുടർന്ന്‌ എല്ലാ പൗരൻമാർക്കും ദേശീയ തിരിച്ചറിയൽ കാർഡ്‌ നൽകും. ദേശീയ തിരിച്ചറിയൽ കാർഡ്‌ എന്നതും പൗര്വതനിയമ പ്രകാരം നിർബന്ധമായ ഒന്നാണ്‌.
ഇന്ത്യയിലെ താമസക്കാരുടെ പൗരത്വ പദവി പരിശോധിച്ച്‌ എൻആർസി തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയാണ്‌ എൻപിആർ എന്ന്‌ 2014 നവംബറിൽ രാജ്യസഭയിൽ ടി എൻ സീമയുടെ ചോദ്യത്തിന്‌ നൽകിയ മറുപടിയിലും കിരൺ റിജിജു വ്യക്തമാക്കി.

ഇപ്പോൾ എന്തുകൊണ്ട്‌ വിവാദമാകുന്നു ?

എൻആർസിക്ക്‌ രൂപം നൽകുന്നതിനുള്ള ചട്ടം 2003ൽ പുറപ്പെടുവിച്ചതാണെങ്കിലും 16 വർഷത്തിനുശേഷമാണ്‌ വിവാദമായി ആളിപ്പടരുന്നത്‌. പൗരത്വത്തെ മതവുമായി ബന്ധപ്പെടുത്തിയ മോഡി സർക്കാരിന്റെ നടപടിയാണ്‌‌ എൻആർസിക്കെതിരെ വലിയ ജനരോഷത്തിന്‌ വഴിവച്ചത്‌. ഇന്ത്യയിൽ പൗരത്വം നിർണയിക്കുന്നതിൽ മതത്തിന്‌ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല.

എന്നാൽ, പൗരത്വ നിയമത്തിൽ മോഡി സർക്കാർ കൊണ്ടുവന്ന ഭേദഗതിയോടെ ബംഗ്ലാദേശ്‌, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്ക്‌ വരുന്ന മുസ്ലിം ഇതര വിഭാഗക്കാർക്ക്‌ പൗരത്വം നൽകാനാണ്‌ വ്യവസ്ഥചെയ്‌തത്‌. ഈ ഭേദഗതിക്കു പിന്നാലെ എൻആർസികൂടി വരുന്നതോടെ മുസ്ലിങ്ങൾക്ക്‌ പൗരത്വം നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നു. ഇന്ത്യ ഒരു മതേതര രാജ്യമായി നിലകൊള്ളണമെന്ന്‌ ആഗ്രഹിക്കുന്നവർ ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട്‌ എൻആർസി തയ്യാറാക്കാനുള്ള നീക്കത്തിനെതിരായുമാണ്‌ പ്രതിഷേധമുയർത്തുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News