കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം എല്‍ഡിഎഫ് പിടിച്ചെടുത്തു; കോണ്‍ഗ്രസിന് നഷ്ടമായത് ഭരണവും പ്രസിഡണ്ട് സ്ഥാനവും

കുന്ദമംഗലം: ആലത്തൂർ എംപി രമ്യ ഹരിദാസ്‌ രാജിവച്ച കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം എൽഡിഎഫ്‌ പിടിച്ചെടുത്തു. ശനിയാഴ്‌ച നടന്ന തെരഞ്ഞെടുപ്പിലാണ്‌ സിപിഐ എം അംഗമായ പി സുനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതോടെ ബ്ലോക്ക്‌ ഭരണവും എൽഡിഎഫിന്‌ ലഭിക്കും.

യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിര്‍ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസൻ നായരാണ്. രാജീവ് പെരുമണ്‍തുറ പിന്‍താങ്ങി.

രമ്യ ഹരിദാസ്‌ രാജിവച്ച ഒഴിവിലേക്ക്‌ പുവ്വാട്ടുപറമ്പിൽ ഡിവിഡഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥി നസീബ റായ്‌ വിജയിച്ചിരുന്നു.

ഇതോടെ ഭരണം യുഡിഎഫ്‌ നിലനിർത്തി. പിന്നീട്‌ പ്രസിഡന്റായ കോൺഗ്രസിലെ വിജി മുപ്രമ്മൽ എൽഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ഒരുമാസം മുമ്പ്‌ രാജിവച്ചു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് പൂർണമായും ബോധ്യമായതോടെ ഗത്യന്തരമില്ലാതെയാണ് വിജി മുപ്രമ്മൽ രാജിവച്ചത്.

എൽജെഡി അംഗമായ വൈസ് പ്രസിഡന്റ്‌ ശിവദാസൻ നായർ എൽഡിഎഫിന്റെ ഭാഗമായതോടെയാണ്‌ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

ഇതോടെ 19 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് 10ഉം യുഡിഎഫിന് ഒമ്പതും അംഗങ്ങളായിരുന്നു. തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌.

സംസ്ഥാനത്തെ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ വളരെ താഴ്‌ന്ന റാങ്ക്‌ ആയിരുന്നു പ്രവർത്തനത്തിന്റെ കാര്യത്തിൽ രമ്യ പ്രസിഡന്റായിരുന്ന കുന്ദമംഗലത്തിന്‌ ഉണ്ടായിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News