സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് മന്ത്രി കെ കെ ശൈലജ

ലോക രാഷ്ട്രങ്ങളുടെ കണക്കെടുത്താല്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ 117 മത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളതെന്നും ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നതിന്റെ സൂചനയാണിതെന്നും കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷന്റെ പന്ത്രണ്ടാം ദേശീയ സമ്മേളത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ എത്തിയതായിരുന്നു മന്ത്രി.

കേരളം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ഒരു സംസ്ഥാനമെന്ന നിലയില്‍ രാജ്യത്ത് മൊത്തത്തില്‍ അനുഭവപ്പെടുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളും വളര്‍ന്നു വരുന്ന ഉപഭോഗ സംസ്‌കാരത്തിന്റെ തിന്മകളും കേരളത്തെയും ബാധിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി കേരളത്തിലും സ്ത്രീകള്‍ക്ക് നേരെ അവഹേളനം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങളിലെ പോലെ അത്തരം അതിക്രമങ്ങളെ ചോദ്യം ചെയ്യുന്നതിനും നിയമത്തിന് മുന്‍പില്‍ കൊണ്ട് വരുന്നതിനും ശക്തമായ ഇടപെടലുകള്‍ സാധിക്കുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.

സ്ത്രീകളെ മുന്നോട്ടു കൊണ്ട് വരുന്നതിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും വലിയ നീക്കമാണ് കേരളത്തില്‍ ഇടതു പക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വനിതകളുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് വലിയ പരിശ്രമമാണ് കേരള സര്‍ക്കാര്‍ വനിതാ ശിശു വകുപ്പിന്റെ കീഴില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സധൈര്യം മുന്നോട്ട് തുടങ്ങിയ പദ്ധതികള്‍ ഇതിനൊരു ഉദാഹരണമാണെന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് ഇതെല്ലം മാതൃകയാണെന്നും ശൈലജ വ്യക്തമാക്കി. ഈ സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്റെ പുരോഗമനപരമായ പദ്ധതികള്‍ ഇതര സംഥാനക്കാര്‍ക്കായി അവതരിപ്പിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നയം മാറണമെന്നും സ്ത്രീകളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാക്കി ലിംഗ സമത്വം വേണമെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടേണ്ടവരാണെന്ന അജണ്ടയാണ് സംഘപരിവാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളാണ് സ്ത്രീകള്‍ക്ക് നേരെ കടുത്ത കടന്നാക്രമണം കൂടുതലായും നടന്നു വരുന്നതെന്നും കെ കെ ശൈലജ ചൂണ്ടിക്കാട്ടി. ഹിന്ദുത്വ രാജ്യത്തിന് വേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന ബി ജെ പി പഴയ കാലഘട്ടത്തില്‍ സ്ത്രീകളോട് കാണിച്ച അതിക്രമങ്ങളെ തിരികെ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര നേതാക്കളടക്കം 140 ഓളം പ്രതിനിധികളാണ് കേരളത്തില്‍ നിന്നും മുംബൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രിയെ കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷന്‍ സൂസന്‍ കോടി, മുന്‍ എം പി മാരായ പി കെ ശ്രീമതി, പി സതീദേവി, ടി എന്‍ സീമ, സി എസ് സുജാത, വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ തുടങ്ങിയവരും മൂന്ന് ദിവസം നീണ്ട സമ്മേളത്തില്‍ പങ്കെടുക്കുന്നുണ്ട്.

മുംബൈയില്‍ ബൈക്കുള സാബു സിദ്ദിഖ് എഞ്ചിനീയറിംഗ് കോളേജിലാണ് സമ്മേളനം. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ഉത്ഘാടനം ചെയ്തു. ദേശീയ അധ്യക്ഷ മാലിനി ഭട്ടാചാര്യ പതാക ഉയര്‍ത്തി. സി പി എം പോളിറ്റ് ബ്യുറോ അംഗം വൃന്ദാ കാരാട്ട് അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പ്രത്യേക ചര്‍ച്ചയില്‍ കണ്ണൂരില്‍ നിന്നുള്ള സജിനിയും പങ്കെടുത്തു സംസാരിച്ചു. അന്താരാഷ്ട്ര ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന റിപോര്‍ട്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News