പോരാട്ട സമരഭൂമിയിൽ അവകാശ പോരാട്ട വീര്യവുമായി അഖിലേന്ത്യാ മഹിളാ സമ്മേളനം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് പി കെ ശ്രീമതി ടീച്ചർ

മുംബൈയിൽ നടക്കുന്ന മൂന്ന് ദിവസം നീണ്ട അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പന്ത്രണ്ടാമത് ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുനൂറോളം പ്രതിനിധികളാണ് പങ്കെടുക്കാനെത്തിയത്.

അവകാശ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മുംബൈയിൽ നടക്കുന്ന പന്ത്രണ്ടാം ദേശീയ സമ്മേളനത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്നും മറ്റൊരു ചരിത്രമായി ഇത് ലിഖിതപ്പെടുമെന്നും മുൻ എം പി ശ്രീമതി ടീച്ചർ പറഞ്ഞു.

മോദി സർക്കാർ ജനവിരുദ്ധമായ നയസമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും സ്ത്രീ വിരുദ്ധമായ ഒട്ടനവധി നിലപാടുകളാണ് എടുത്തു കൊണ്ടിരിക്കുന്നതെന്നും മുൻ എംപി ശ്രീമതി ടീച്ചർ പറഞ്ഞു. ഇന്ന് രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പൗരത്വ ഭേദഗതി നിയമം ഉൾപ്പടെയുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ രണ്ടായി തരം തിരിക്കാൻ ശ്രമിക്കുമ്പോൾ ഉയർന്നു വരുന്ന കലാപത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റു വാങ്ങേണ്ടി വരുന്നത് ഇന്ത്യയിലെ സ്ത്രീകളാണെന്നും ശ്രീമതി ടീച്ചർ ഓർമപ്പെടുത്തി.

ഇന്ത്യയിൽ മതത്തിന്റെ പേരിൽ ചേരി തിരിവോ വിഭജനമോ വർഗീയവത്ക്കരണമോ ഉണ്ടാകാൻ പാടില്ല . സമൂഹം ഒന്നാകണമെന്നും സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ ആയിരിക്കണം ഇന്ത്യ ഭരിക്കേണ്ടതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നവർ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് രാഷ്ട്രീയ നേട്ടങ്ങൾക്കായി കൈക്കൊള്ളുന്നതെന്നും മുൻ ആരോഗ്യമന്ത്രി കൂടിയായ പി കെ ശ്രീമതി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളെ രണ്ടു കണ്ണിലൂടെ നോക്കി കാണുന്നത് ശരിയല്ലെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മതനിരപേക്ഷതയും കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും പി കെ ശ്രീമതി ഓർമിപ്പിച്ചു.

ഇത്തരം സന്ദർഭത്തിൽ ഇന്ത്യക്കകത്തെ ജനങ്ങൾ വളരെ ശക്തമായി പ്രതിഷേധിക്കുമ്പോൾ അതിന്റെ മുൻനിരയിൽ നിന്ന് പൊരുതാൻ ഇന്ത്യയിലെ സ്ത്രീകളുണ്ടാകുമെന്നും അവകാശങ്ങൾക്കും തുല്യതക്കും വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

അവകാശ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന മുംബൈയിൽ വച്ചുള്ള ആദ്യ അഖിലേന്ത്യ സമ്മേളനമാണ് നടക്കുന്നതെന്നും സ്ത്രീ പ്രശ്നങ്ങൾ ഉൾപ്പടെ രാജ്യത്തിൻറെയും സമൂഹത്തിന്റെയും പ്രശ്നങ്ങളും ചർച്ച ചെയ്യുവാനുള്ള വേദി കൂടിയായിരിക്കും സമ്മേളനമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

കേരളത്തെ പ്രതിനിധീകരിച്ചു 140 ഓളം പ്രതിനിധികൾ മുംബൈയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുത്തു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ, കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ സൂസൻ കോടി, മുൻ എം പി മാരായ പി കെ ശ്രീമതി, പി സതീദേവി, ടി എൻ സീമ, സി എസ് സുജാത, വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ തുടങ്ങിയവരും മൂന്ന് ദിവസം നീണ്ട സമ്മേളത്തിൽ പങ്കെടുക്കുന്നുണ്ട്.

മുംബൈയിൽ ബൈക്കുള സാബു സിദ്ദിഖ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ദേശീയ അധ്യക്ഷ മാലിനി ഭട്ടാചാര്യ സി പി എം പോളിറ്റ് ബ്യുറോ അംഗം വൃന്ദാ കാരാട്ട് കൂടാതെ അശോക് ധൗളെ , മഹേന്ദ്ര സിംഗ്, പി ആർ കൃഷ്ണൻ, പ്രീതി ശേഖർ തുടങ്ങി നിരവധി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here