മലയാളത്തിലെ ആദ്യ നായിക പികെ റോസിയുടെ കഥ സിനിമയാകുന്നു; ആദ്യ പ്രിവ്യു കലാഭവന്‍ തിയേറ്ററില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

മലയാള സിനിമയിലെ ആദ്യ നായികയായ പികെ റോസിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.സിനിമയോടുളള അടങ്ങാത്ത അഭിനിവേശം കൊണ്ട് രണ്ട് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. പികെ റോസി എന്ന പേരില്‍ ശശി നടക്കാട് സംവിധാനം ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡി. ഗോപകുമാറാണ്. പുതുമുഖമായ ഉപന്യയാണ് പികെ റോസിയുടെ വേഷത്തിലെത്തുന്നത്

മലയാള സിനിമക്ക് 91 വയസുണ്ട്.ശബ്ദമില്ലാത്ത വിഗതകുമാരനില്‍ തുടങ്ങി മലയാള ചലചിത്ര ചരിത്രം കുതിച്ചും കിതച്ചും മുന്നോടോടുകയാണ്. ബ്ലാക്ക് ആന്‍റ് വൈറ്റില്‍ തുടങ്ങി, ഈസ്റ്റ്മാന്‍ കളറിലൂടെ 70 എംഎം പിന്നിട്ട് , ഡിജിറ്റല്‍ ഡോള്‍ബി യുഗത്തിലെത്തി ഇന്ന് മലയാള സിനിമ. എണ്ണം പറഞ്ഞ സംവിധായകരും, പേരെടുത്ത നിര്‍മ്മാതാക്കളും,രാജ്യാന്തരപ്രശസ്തി നേടിയ തിരകഥാകൃത്തുക്കളും, ലക്ഷണമൊത്ത വിതരണക്കാരും മലയാള സിനിമ സങ്കേതത്തിന്‍റെ ഭാഗമായി.

എന്നിട്ടും മലയാള സിനിമയിലെ ആദ്യ നായികയായ പികെ റോസിയുടെ തിരശീലക്ക് മുന്നിലും ,പിന്നിലും ഉളള ജീവിതകഥ പറയാന്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ പ‍ഴയ മെക്കാനിക്കുകള്‍ തുനിഞ്ഞ് ഇറങ്ങി വന്നു.തിരുവനന്തപുരം സ്വദേശികളായ സംവിധായകന്‍ ശശി നടക്കാടും, നിര്‍മ്മാതാവായ ഡി.ഗോപകുമാറും ചേര്‍ന്നാണ് മലയാളത്തിന്‍റെ നഷ്ടനായികയെ പറ്റി സിനിമ അരങ്ങത്തെത്തിക്കുന്നത്.

പൃഥിരാജ് നായകനായ സെല്ലുലോയിഡ് വിഗതകുമാരന്‍റെ സംവിധായകനായ ജെസി ഡാനിലിന്‍റെ കഥയാണ് അവതരിപ്പിച്ചതെങ്കില്‍ ഈ സിനിമ പൂര്‍ണ്ണമായും പികെ റോസി എന്ന ദളിത് യുവതിയുടെ അഭിനയമോഹത്തിന്‍റെയും , പലയാനത്തിന്‍റെയും, പരിവേദനത്തിന്‍റെയും കഥയാണ് .

മലയാള സിനിമയിലെ ആദ്യ നായികയെ കല്ലെറിഞ്ഞ് ഓടിച്ചവരുടെ പിന്‍തലമുറക്കാര്‍ക്ക് മുന്നിലേക്ക് റോസിയെ മടക്കി കൊണ്ടുവരികയെന്ന ചരിത്ര നിയോഗമാണ് തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് നിര്‍മ്മാതാവ് ഗോപകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

പലരില്‍ നിന്നും കടം വാങ്ങിയ 60 ലക്ഷം രൂപ കൊണ്ടാണ് ഗോപകുമാര്‍ ഏറെ ക്ളേശം സഹിച്ച് ചിത്രം നിര്‍മ്മിച്ചത്. സംവിധായകനായ ശശി നടക്കാട് ആവട്ടെ തന്‍റെ ആരോഗ്യത്തോട് പടവെട്ടിയാണ് ചിത്രം പൂര്‍ത്തികരിച്ചത്. ഏറ്റെടുക്കാന്‍ വിതരണക്കാരാരും ഇനിയും തയ്യാറായിട്ടില്ലാത്തതിനാല്‍ ആദ്യ നായികയുടെ ചലചിത്രാവിഷ്കാരം എന്ന് തീയേറ്ററിലെത്തും എന്ന് നിര്‍മ്മാതാവിനും ഉറപ്പില്ല.

പുതുമുഖമായ ഉപന്യയാണ് കേന്ദകഥാപാത്രമായ പികെ റേസിയെ അവതരിപ്പിക്കുന്നത്. പദ്മശ്രീ മധു,ഭീമന്‍ രഘു, ഉൗര്‍മ്മിള‍ ഉണ്ണി, ചേര്‍ത്തല ജയന്‍, അരിസ്ട്രോ സുരേഷ് ,സേതുലക്ഷ്മി, എന്നീ മുതിര്‍ന്ന താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയുടെ ആദ്യ പ്രിവ്യു ഷോയുടെ ഉദ്ഘാടനം സാസ്കാരിക മന്ത്രി എകെ ബാലന്‍ ജനുവരി ഒന്നിന്ന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here