‘ബിജെപി അധ്യക്ഷന്‍ ഇല്ലെങ്കിലെന്താ ഗവര്‍ണര്‍ ഉണ്ടല്ലോ’; തുറന്നടിച്ച് ഉല്ലേഖ് എന്‍ പി രംഗത്ത്

കേരള ഗവര്‍ണറുടെ നിലപാടിനെതിരെ തുറന്നടിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍ പി രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരള ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അത് തുറന്ന് കാട്ടണമെന്നും ഉല്ലേഖ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ തുടങ്ങി ഈ രാജ്യം ഒരു പൊലീസ് രാജായി മാറുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് തെല്ലും ആശങ്കയില്ലെന്നും പകരം ചരിത്രത്തിലെ തനിക്ക് ഒട്ടും വൈദഗ്ധ്യമില്ലാത്ത ഒരു വിഷയത്തിലേക്കാണ് അദ്ദേഹം കടന്നുകയറുന്നതെന്നും ഉല്ലേഖ് എന്‍ പി കുറ്റപ്പെടുത്തി. ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് തന്നെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് തന്റെ സ്ഥാനമെന്തെന്ന് കാണിക്കാനായിരുന്നുവെന്നാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി മഹാനായ മൗലാന ആസാദിനെപ്പോലുള്ളവരുടെ പേരുകള്‍ ഉദ്ധരിക്കുന്നതിനു പകരം, ഗോഡ്‌സെയെ ഉദ്ധരിക്കുന്നതാകും അദ്ദേഹത്തിന് ഇണങ്ങുക. അവസരവാദപരമായ തന്റെ പരാമര്‍ശം വഴി സോഷ്യല്‍ മീഡിയയും പെയ്ഡ് ട്രോളുകളും ഉപയോഗിച്ച് തന്റെ യജമാനന്‍മാരോടുള്ള കൂറ് കാണിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചതെന്നും ഉല്ലേഖ് പറഞ്ഞു. കേരളത്തില്‍ മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ബിജെപി മേധാവിയുടെ സ്ഥാനത്തേക്കുള്ള ചുവട് മാറ്റാമായാണ് ഗവര്‍ണറുടെ ഈ പ്രവര്‍ത്തിയെ കാണാനാകുന്നതെന്നും ഉല്ലേഖ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here