ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം പരമദരിദ്രമായ അവസ്ഥയിൽ; പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം വംശനാശ ഭീഷണിയിലാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാലയിൽ ആരംഭിച്ച ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിൽ എസ് സി മിശ്ര സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാൽപ്പതു വർഷംമുമ്പ് ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിൽ അസൂയാവഹമായ അവസ്ഥയിലായിരുന്നു.

പക്ഷേ, ഇന്ന് മാധ്യമ സ്വാതന്ത്ര്യത്തിൽ പരമദരിദ്രമായ അവസ്ഥയിലാണ്. അമിതമായ വാണിജ്യവൽക്കരണവും താൽപര്യങ്ങളുടെ സംഘർഷവും മാധ്യമ സ്വാതന്ത്ര്യം വെറും മിഥ്യയാക്കി മാറ്റുകയാണ്. ഇന്ത്യൻ മാധ്യമങ്ങളിൽ ഗണ്യമായ വിഭാഗവും അഴിമതി നിറഞ്ഞതോ അഴിമതിക്ക് വഴങ്ങുന്നതോ ആണെന്നാണ് ‘കോബ്ര പോസ്റ്റ്’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ചാനൽ ചർച്ചകളുടെപേരിൽ അട്ടഹാസങ്ങളാണ് നടക്കുന്നത്. അവതാരകരും റിപ്പോർട്ടർമാരും സംഘടിത പ്രചാരവേല നടപ്പാക്കുകയാണ് ചെയ്യുന്നത്. ഇവ പതിന്മടങ്ങ് ഉച്ചത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നത് സമകാലിക രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുണ്ട്.മാധ്യമങ്ങൾക്കുനേരെ പ്രമുഖരായ രാഷ്ട്രീയ പാർടികളുടെ തുറന്ന ആക്രമണം പതിവായിട്ടുണ്ട്.

മാധ്യമപ്രവർത്തകർക്കുനേരെ തുടർച്ചയായ ട്രോളുകൾ ഇറങ്ങുന്നത് ഇതിന്റെ തുടർച്ചയാണ്. മാധ്യമങ്ങൾക്കുനേരെയുള്ള തുടർച്ചയായ മാനനഷ്ട കേസുകളും വേട്ടയാടലിന്റെ സ്വഭാവമുള്ളതാണ്. സാമ്പത്തികമായ സമ്മർദമാണ് മാധ്യമങ്ങളെ ദുർബലപ്പെടുത്തുന്ന പ്രധാന ഘടകം.

മാധ്യമപ്രവർത്തനത്തിന്റെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഡിജിറ്റൽവൽക്കരണം പരമ്പരാഗത മാധ്യമങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലപ്പെടുത്തി. വായനക്കാരുടെ അഭിരുചികൾ നിരന്തരമായി മാറുന്നത് മാധ്യമമേഖലയിൽ സങ്കീർണ മാറ്റങ്ങളാണുണ്ടാക്കിയത്.

അഴിമതിക്കും വർഗീയതയ്ക്കും എതിരെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ വേട്ടയാടി കൊല്ലപ്പെടുകയാണ്. ഇത്തരം കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാത്തത് മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾ വർധിക്കാൻ കാരണമായതായും എൻ റാം പറഞ്ഞു.

ഇന്ത്യൻ ചരിത്ര കോൺഗ്രസ് ജനറൽ പ്രസിഡന്റ്‌ പ്രൊഫ. അമിയ കുമാർ ബാഗ്ചി അധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. മഹാലക്ഷ്മി രാമകൃഷ്ണൻ സ്വാഗതവും പ്രൊഫ. ഇർഫാൻ ഹബീബ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News