ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ കനത്ത വിലനല്‍കേണ്ടിവരും; കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ

ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവർ‌ കനത്ത വില നൽകേണ്ടിവരുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗം അലോക്‌ ലവാസ.

സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ മറുവശത്ത്‌ ആരാണുള്ളതെന്നത്‌ വിലയുടെ തോത്‌ നിർണയിക്കും. ഇത്തരത്തിൽ വില നൽകുന്നതും സത്യസന്ധമായ നടപടികളുടെ ഭാഗമാണ്‌– -ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ലവാസ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങൾ നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വീകരിച്ച നടപടികൾ അവസാനിപ്പിക്കുന്നതിനോട്‌ ലവാസ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരുന്നു.

ഇതോടെ അദ്ദേഹത്തിനുനേരെ നിരവധി പ്രതികാര നടപടികളുണ്ടായി. ഏറ്റവും ഒടുവിൽ, ലവാസയുടെ ഭാര്യ നോവൽ സിംഗാൾ അടക്കം കുടുംബാംഗങ്ങളെ ആദായനികുതിവകുപ്പ്‌ വേട്ടയാടുകയാണ്‌.ലേഖനത്തിൽനിന്ന്‌: സത്യസന്ധരെ സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ തള്ളിപ്പറഞ്ഞെന്നുവരാം.

സത്യസന്ധരുടെ ഭയശൂന്യതയെ ഭയക്കുന്നവരും ഭയാനകസ്വഭാവക്കാരെ ഭയക്കുന്നവരും തമ്മിൽ അന്തർധാരയുണ്ട്‌. ഭയമില്ലാത്തവർക്കാണ്‌ ‌ധൈര്യം ലഭിക്കുക.

ധൈര്യമില്ലെങ്കിൽ സത്യസന്ധത ഫലശൂന്യമായ നന്മയാണ്‌. സത്യസന്ധർക്ക്‌ ശാരീരികക്ഷമതയോ ശക്തിയോ ഉണ്ടായിരിക്കണമെന്നില്ല; അവർക്ക്‌ ധൈര്യം കാണും, ധൈര്യമാണ്‌ അവരുടെ കരുത്ത്‌.

ദുഃഖത്തിലും ഒറ്റപ്പെടലിലും അവർക്കൊപ്പം നിൽക്കാത്തവർക്ക്‌ ധൈര്യം ഉണ്ടാകില്ല. നാടകത്തിനുശേഷം കൈയടിക്കാൻ കാത്തിരിക്കുന്നവർമാത്രമാണ്‌ അവർ.

അഭിനേതാവിനോട്‌ അനുതാപമുണ്ടെങ്കിലും അവർ നാടകത്തിൽ പങ്കെടുക്കുന്നില്ല. അവർ ദുരിതങ്ങൾ കാണുകയും കണ്ണീർപൊഴിക്കുകയും ചെയ്‌തെന്നിരിക്കും; നിശ്ശബ്ദമായി പ്രാർഥിച്ചെന്നും വരാം. എന്നാൽ, അഭിനയത്തെ പ്രശംസിക്കാൻ അന്തിമവിധിവരെ കാത്തിരിക്കും.

ശുഭാന്ത്യമാണെങ്കിൽ സന്തോഷിക്കുകയും ദുഃഖപര്യവസായി ആണെങ്കിൽ സങ്കടപ്പെടുകയുംചെയ്യും. ഒപ്പം നിൽക്കണോ വേണ്ടയോ എന്ന വിഷമവൃത്തത്തിലായിരിക്കും അവർ.

എന്നാൽ, തന്റെ സത്യസന്ധതയെക്കുറിച്ച്‌ ബോധ്യമുള്ള അഭിനേതാവിന്‌ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല– -‘സത്യസന്ധനാകുന്നതിന്റെ ബുദ്ധിമുട്ട്‌’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ ലവാസ വ്യക്തമാക്കി.

ലവാസയുടെ ഭാര്യ നോവൽ സിംഗാൾ എസ്‌ബിഐയിൽനിന്ന്‌ സ്വയംവിരമിച്ചശേഷം ചില കമ്പനികളുടെ ഡയറക്ടർ ബോർഡിൽ പ്രവർത്തിച്ചു. 2015–-17 കാലത്ത്‌ നോവൽ സിംഗാൾ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ അപാകമുണ്ടെന്ന്‌ ആരോപിച്ചാണ്‌ വേട്ടയാടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News