ലോകകേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതല്‍ മൂന്നുവരെ തിരുവനന്തപുരത്ത്

പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതൽ മൂന്നുവരെ തിരുവനന്തപുരത്ത്‌ ചേരും.

‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’ എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖ പ്രവാസികളും സാഹിത്യകാരന്മാരും പങ്കെടുക്കും.

രണ്ടിന്‌ രാവിലെ ഒമ്പതിന്‌ നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയിൽ സമ്മേളനത്തിന്‌ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അധ്യക്ഷനാകും. ലോക കേരളസഭ സമീപന രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.

തുടർന്ന്‌ മേഖലാ, വിഷയ മേഖലാ യോഗങ്ങൾ ചേരും. ലോക കേരളസഭ–-നിയമ നിർമാണത്തിനുള്ള കരട്‌ ബില്ലിന്റെ അവതരണവും നടക്കും. മൂന്നിന്‌ വിവിധ ചർച്ചകളുടെ സമാപനവും മുഖ്യമന്ത്രിയുടെ മറുപടിയുമുണ്ടാകും.

പകൽ ഒന്നിന്‌ സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ സാംസ്‌കാരികോത്സവം, മാധ്യമ സെമിനാർ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

ആകെ അംഗങ്ങൾ 351; പ്രവാസി പ്രതിനിധികൾ 178

ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിൽ 178 പ്രവാസി പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. 351 അംഗ സഭയിൽ 173 പേർ കേരളത്തിലെ മന്ത്രിമാർ, എംഎൽഎമാർ, പാർലമെന്റ്‌ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന ജനപ്രതിനിധികളാണ്‌.

ജിസിസി (ഗൾഫ്), സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത്‌ ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ, മറ്റ്‌ രാജ്യങ്ങളടക്കം എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള 47 രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ പ്രതിനിധികളാണ്‌ നൂറോളം പേർ.

21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 42ഉം പ്രവാസം കഴിഞ്ഞെത്തിയ ആറു പ്രതിനിധികളും വിവിധ മേഖലയിലെ 30 പ്രമുഖരും അടങ്ങുന്നതാണ്‌ പ്രവാസി പ്രാതിനിധ്യം. ഇവർക്കുപുറമെ പ്രത്യേക ക്ഷണിതാക്കളുമുണ്ടാകുമെന്നും സ്‌പീക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ലോക കേരളസഭയിൽ ഇന്ത്യ ഉൾപ്പെടെ 28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

മുഖ്യമന്ത്രി സഭാ നേതാവായും പ്രതിപക്ഷ നേതാവ്‌ ഉപനേതാവായും ചീഫ്‌ സെക്രട്ടറി സഭയുടെ സെക്രട്ടറി ജനറലായും പ്രവർത്തിക്കും.

സ്‌പീക്കർ അധ്യക്ഷനായ ഏഴംഗ പ്രസീഡിയം സഭ നിയന്ത്രിക്കും. സഭയ്‌ക്ക്‌ സെക്രട്ടറിയറ്റും ഉപദേശക സമിതിയുമുണ്ട്‌.

രണ്ടുവർഷം കൂടുമ്പോൾ ലോക കേരളസഭ സമ്മേളനം ചേരണമെന്നാണ്‌ വ്യവസ്ഥ. ഈ അവസരത്തിൽ മൂന്നിലൊന്ന്‌ (58)അംഗങ്ങൾ വിരമിക്കും. അത്രയും അംഗങ്ങളെ പകരം ഉൾപ്പെടുത്തുകയും ചെയ്യും.

നവകേരള സൃഷ്ടിയിൽ പ്രവാസികളുടെ പങ്കിനെക്കുറിച്ചാണ് ലോക കേരളസഭ ചർച്ച ചെയ്യുക. ലോക കേരളസഭ ഒരു സ്ഥിരം സംവിധാനമെന്നനിലയിൽ സംസ്ഥാന സർക്കാർ ഒരു നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കരട് ബില്ലും ചർച്ച ചെയ്യും.

സഭയ്‌ക്ക്‌ സ്ഥിരം വേദിയായി. അതിനു നിയമത്തിന്റെ പിൻബലം ഉറപ്പാക്കുകയാണ്‌ ഇതിന്റെ ലക്ഷ്യമെന്നും സ്‌പീക്കർ പറഞ്ഞു. നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ കെ വരദരാജൻ, നിയമസഭാ സെക്രട്ടറി എസ്‌ വി ഉണ്ണിക്കൃഷ്‌ണൻനായർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

നിയമസഭയിൽ പുതുക്കിയ മെമ്പേഴ്‌സ്‌ ലോഞ്ച്‌ തുറന്നു

നിയമസഭാ സമുച്ചയത്തിലെ നവീകരിച്ച മെമ്പേഴ്‌സ്‌ ലോഞ്ചിന്റെ പ്രവേശനോദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാട മുറിച്ച്‌ നിർവഹിച്ചു.

പിന്നീട്‌ വേദിയിൽ ചിരാത്‌ തെളിച്ചു. ഒന്നാം നിയമസഭയിലെ സ്‌പീക്കറായിരുന്ന ആർ ശങ്കരനാരായണൻ തമ്പിയുടെ പേരിലുള്ള ഈ ഹാളാകും ലോക കേരളസഭയുടെ സ്ഥിരം വേദി.

സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, മന്ത്രിമാരായ എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ മാത്യു ടി തോമസ്‌, സി കെ നാണു, കെ ആൻസലൻ, ഒ രാജഗോപാൽ, സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം ഡോ. കെ എൻ ഹരിലാൽ, നിയമസഭാ സെക്രട്ടറി എസ്‌ വി ഉണ്ണിക്കൃഷ്‌ണൻ നായർ എന്നിവർ പങ്കെടുത്തു.

യുഡിഎഫ്‌ പങ്കെടുക്കില്ല: ചെന്നിത്തല

ലോക കേരളസഭയുടെ രണ്ടാംസമ്മേളനത്തിൽ യുഡിഎഫ്‌ അംഗങ്ങൾ പങ്കെടുക്കില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ലോക കേരളസഭ പ്രവാസികൾക്കോ കേരളത്തിനോ പ്രയോജനമുണ്ടാക്കില്ലെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ്‌ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്‌ സർവകക്ഷി യോഗത്തിൽ പാർടികളുടെ അധ്യക്ഷൻതന്നെ പങ്കെടുക്കണമെന്നില്ലെന്നും പ്രതിനിധിയായി ഒരാൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News