യുപിയില്‍ പൊലീസ് രാജ്; പ്രതിഷേധക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിത്തുടങ്ങി; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന് യോഗി ആദിത്യനാഥ്

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമർത്തി ഉത്തർപ്രദേശിൽ പൊലീസ്‌രാജ്‌. അലിഗഢ്‌ സർവകലാശാലയിലെ 1000 വിദ്യാർഥികൾക്കെതിരെ ശനിയാഴ്‌ച കേസെടുത്തു.

ഇതുവരെ 5558 പേരെ കസ്റ്റഡിയിൽ എടുത്തു. 1246 പേരെ അറസ്റ്റ്‌ ചെയ്‌തു. 406 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി തുടങ്ങിയതായും പൊലീസ്‌ അറിയിച്ചു. യുപിയിൽ മാത്രം ഇതുവരെ 23 പേർ കൊല്ലപ്പെട്ടു. 21 ജില്ലയിൽ ഇന്റർനെറ്റ്‌ നിരോധിച്ചു.

പാകിസ്ഥാനിലേക്ക്‌ പോകണമെന്ന്‌ പൊലീസ്‌

മുസ്ലിംവിഭാഗക്കാരോട്‌ ‘പാകിസ്ഥാനിലേക്ക്‌ പോ’- എന്ന്‌ മീറത്ത്‌ സിറ്റി എസ്‌പി അഖിലേഷ്‌ നാരായൺ സിങ്‌ ആക്രോശിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ‘ഞങ്ങൾ പ്രാർഥിക്കുകയായിരുന്നു’ എന്ന്‌ നാട്ടുകാർ പറഞ്ഞിട്ടും എസ്‌പി അടങ്ങിയില്ല.

‘ഇവിടെ ജീവിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടെങ്കിൽ അവർ പാകിസ്ഥാനിലേക്ക്‌ പോകണം. ഇവിടെ ജീവിച്ച്‌ മറ്റ്‌ സ്ഥലങ്ങളെ സ്‌തുതിക്കാൻ നടക്കരുത്‌’–- എസ്‌പി ഭീഷണി മുഴക്കി.

എല്ലാത്തിനെയും ജയിലിൽ അടയ്ക്കുമെന്നും എല്ലാം തകർക്കുമെന്നും എസ്‌പി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്‌. പാക്‌ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയവരെയാണ്‌ ഭീഷണിപ്പെടുത്തിയതെന്ന്‌ എസ്‌പി പ്രതികരിച്ചു.

പ്രാർഥനയ്‌ക്കെത്തിയവരോട്‌ പാകിസ്ഥാനിലേക്ക്‌ പോകാൻ ആവശ്യപ്പെടുന്ന മീറത്ത്‌ സിറ്റി എസ്‌പി അഖിലേഷ്‌ നാരായൺ സിങ്‌

പ്രാർഥനയ്‌ക്കെത്തിയവരോട്‌ പാകിസ്ഥാനിലേക്ക്‌ പോകാൻ ആവശ്യപ്പെടുന്ന മീറത്ത്‌ സിറ്റി എസ്‌പി അഖിലേഷ്‌ നാരായൺ സിങ്‌

അലിഗഢിൽ 1000 പേർക്കെതിരെ കേസ്‌

അലിഗഢ്‌ മുസ്ലിം സർവകലാശാലയിലെ 1000 വിദ്യാർഥികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊതുമുതൽ നശീകരണം, കലാപം, മറ്റുള്ളവരെ അപായപ്പെടുത്താൻ ശ്രമം തുടങ്ങിയവയാണ്‌ കേസുകൾ.

15ന്‌ പ്രക്ഷോഭത്തിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസെടുത്തെന്നായിരുന്നു ആദ്യ റിപ്പോർട്ട്‌. എന്നാൽ, ആദ്യ കണക്ക്‌ തെറ്റാണെന്നും 1000 പേർക്കെതിരെയാണ്‌ കേസെടുത്തതെന്നും എസ്‌എസ്‌പി ആകാശ്‌ ഖുൽഹരി വിശദീകരിച്ചു.

പ്രതിഷേധിച്ചവരുടെ വായ അടച്ചെന്ന്‌ ആദിത്യനാഥ്‌

സർക്കാർ കടുത്ത നടപടി സ്വീകരിച്ചതിനെത്തുടർന്ന്‌ പ്രതിഷേധക്കാർ വായ അടച്ചെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീരവാദം. ‘എല്ലാ കലാപകാരികളും ഭയത്തിലാണ്‌.

പ്രതിഷേധക്കാർ ഞെട്ടലിലാണ്‌. സർക്കാരിന്റെ കർശന നടപടികളെത്തുടർന്ന്‌ എല്ലാവരും വാ പൂട്ടിയിട്ടുണ്ട്‌. യോഗി സർക്കാരിനെ വെല്ലുവിളിക്കുന്നത്‌ വിഡ്‌ഢിത്തരമാണ്‌’–- ആദിത്യനാഥിന്റെ ഓഫീസ്‌ ട്വീറ്റ്‌ ചെയ്‌തു.

തുടരുന്ന പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കും എതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്‌. ചെന്നൈ, കർണാടകം, ഹൈദരാബാദ്‌, മുംബൈ, ഉത്തർപ്രദേശ്‌, അസം, കേരളം എന്നിവിടങ്ങളിൽ പ്രതിഷേധറാലികൾ നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News