ഇത് മതപ്രശ്‌നം മാത്രമല്ല, രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി വലിയ തോതില്‍ ഇറങ്ങേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗത്തില്‍ഡ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോള്‍ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും.

മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള നടപടി ഏത് രൂപത്തില്‍ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തില്‍ വിലപ്പോവില്ല. ഈ ഘട്ടത്തില്‍ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നല്‍കണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പ്രക്ഷോഭങ്ങള്‍ വിവിധയിടങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇവയില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരിധിയില്‍ നില്‍ക്കണമെന്നില്ല. ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. അത്തരം ശക്തികളുടെ ഇടപെടല്‍ സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാവില്ല.

മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുമ്പോള്‍ ഭരണഘടന അട്ടിമറിക്കപ്പെടും. അപ്പോള്‍ മതനിരപേക്ഷ രാഷ്ട്രം എന്നതു മാറി മതാധിഷ്ഠിത രാഷ്ട്രമാവും. മതം പൗരത്വത്തിന് അടിസ്ഥാനമാവുന്ന നില ഉണ്ടാകരുത്. ഭരണഘടന ഉയര്‍ത്തുന്ന മതനിരപേക്ഷതയ്ക്കായി എക്കാലവും നിലകൊണ്ട സംസ്ഥാനമാണ് കേരളം.

ഇപ്പോഴുള്ളത് മത പ്രശ്‌നം മാത്രമല്ല, രാജ്യത്തിന്റെ നിലനില്‍പിനെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു അമ്മയുടെ വിവിധ മക്കള്‍ എന്ന നിലയിലാണ് കേരളത്തില്‍ നമ്മള്‍ കഴിയുന്നത്. ഇവിടെ പരസ്പരം ആദരിക്കുന്ന സ്ഥിതിയാണ് മതങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മതം പ്രചരിപ്പിക്കാനെത്തിയവരെപ്പോലുംനല്ല രീതിയില്‍ സ്വീകരിച്ച നാടാണിത്.

ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനം നിര്‍ത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്ലെന്നും ഇവ സ്ഥാപിക്കാന്‍ നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News