മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം; ജനാധിപത്യ മഹിളാ അസോസിയേഷൻ

മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചുകാണുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ഇതിന‌് മുന്നോടിയായ ദേശീയ പൗരത്വ രജിസ്‌റ്ററും (എൻആർസി) ദേശീയ ജനസംഖ്യാ രജിസ്‌റ്ററും (എൻപിആർ) പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അഖിലേന്ത്യാ വൈസ‌് പ്രസിഡന്റ‌് കനിനിക ഘോഷ്‌ ആണ‌് പ്രമേയം അവതരിപ്പിച്ചത‌്.

മൂന്ന‌് അയൽരാജ്യങ്ങളിൽനിന്ന്‌ മുസ്ലിങ്ങളൊഴികെയുള്ളവർക്ക‌് നിയമഭേദഗതി വഴി പൗരത്വം നൽകുന്നതിലൂടെ ഭരണഘടനയുടെ 14ാം അനുച്ഛേദം ഉറപ്പാക്കുന്ന തുല്യതയാണ‌് തകരുന്നത‌്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുമ്പ്‌ ഇല്ലാത്ത ചില ചോദ്യങ്ങൾകൂടി കേന്ദ്രസർക്കാർ ഉൾപ്പെടുത്തുന്നുണ്ട‌്.

രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 8500 കോടി രൂപയാണ‌് എൻപിആറിനായി മുടക്കുന്നത‌്.എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോടും എൻപിആറും എൻസിആറും നടപ്പാക്കരുതെന്ന‌് ആവശ്യപ്പെടുകയാണ‌്.

ഇതിനെതിരെ മഹിളകളെ അണിനിരത്തി വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. പ്രതിഷേധക്കാരെ കൊന്നൊടുക്കുന്ന പൊലീസ‌് നടപടിയെയും സംഘടന അപലപിച്ചു.പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച ഞായറാഴ്ച അവസാനിച്ചു. കേരളത്തെ പ്രതിനിധാനംചെയ്‌ത്‌ ഇ പത്മാവതി, ശബ‌്ന, ടി വി അനിത എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി മറിയം ധാവ‌്ളെ മറുപടി നൽകി.

ഡിവൈഎഫ‌്ഐ അഖിലേന്ത്യാ വൈസ‌് പ്രസിഡന്റ‌് പ്രീതി ശേഖർ, എഐഎഡബ്ല്യുയു ജോയിന്റ‌് സെക്രട്ടറി സുനീത‌് ചോപ്ര എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ‌്തു. വരവുചെലവ‌് കണക്ക‌് ട്രഷറർ പി കെ ശ്രീമതി അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തശേഷം തിങ്കളാഴ്ച സമ്മേളനം അവസാനിക്കും.

പൊതു ഇടങ്ങളിലും വീടുകളിലും സ‌്ത്രീകൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന‌് ദേശീയസമ്മേളനം ആവശ്യപ്പെട്ടു. ഉന്നാവ്‌ ഉൾപ്പെടെയുള്ള സ‌്ത്രീപീഡന കേസുകളിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ബിജെപിയുടെ നടപടി തെറ്റായ സന്ദേശമാണ‌് നൽകുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ഹരിയാനയിൽനിന്നുള്ള പ്രതിനിധി സരിതയാണ‌് പ്രമേയം അവതരിപ്പിച്ചത‌്.

ബാബ്‌റി മസ്ജിദ് തകർത്തതിന് 27 വർഷത്തിനുശേഷം വന്ന കോടതിവിധി നീതിപൂർവമല്ലെന്ന് ദേശീയ സമ്മേളനം വ്യക്തമാക്കി. ഉത്തർപ്രദേശ‌് വൈസ‌് പ്രസിഡന്റ‌് മധു ഗാർഗാണ‌് പ്രമേയം അവതരിപ്പിച്ചത‌്. മസ‌്ജിദ‌് തകർത്തതുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്നും കുറ്റവാളികൾക്ക‌് ശിക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദാരിദ്ര്യം, പോഷകാഹാരക്കുറവ‌് എന്നിവ പരിഹരിക്കാൻ ഭക്ഷ്യസുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News