അതിശൈത്യം; വിറങ്ങലിച്ച് 6 ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു

അതിശൈത്യത്തിൽ വിറങ്ങലിക്കുന്ന ആറ്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ബിഹാർ സംസ്ഥാനങ്ങളിലാണ്‌ റെഡ്‌ അലർട്ട്‌. മധ്യപ്രദേശിലെ ചില മേഖലകളിൽ ആംബെർ (ചുവപ്പ്‌ കലർന്ന മഞ്ഞ നിറം)അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.

താപനില രണ്ട്‌ ഡിഗ്രിയും അതിനേക്കാൾ കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകിയത്‌. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ജനങ്ങൾക്ക്‌ നിർദേശം നൽകി. 31 നും പുതുവത്സരദിനത്തിലും ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്‌, ഫരീദാബാദ്‌ എന്നിവിടങ്ങളിൽ കനത്ത മഴയ്‌ക്കും സാധ്യതയുണ്ട്‌.

ഡൽഹിയിൽനിന്നുള്ള ട്രെയിൻ, വിമാന സർവീസുകളെ കാര്യമായി ബാധിച്ചു. ശനി, ഞായർ ദിവസങ്ങളിലായി നൂറുകണക്കിന്‌ ഫ്ലൈറ്റുകൾ വൈകി. കാഴ്‌ചാപരിധി കുറഞ്ഞതാണ്‌ റെയിൽ, വ്യോമഗതാഗതങ്ങൾക്ക്‌ തിരിച്ചടിയായത്‌.

ഞായറാഴ്‌ച ഡൽഹിയിൽനിന്നുള്ള 13 ട്രെയിൻ അഞ്ചും ആറും മണിക്കൂറുകൾ വൈകിയാണ്‌ ഓടിയത്‌. 2.4 ഡിഗ്രി താപനില രേഖപ്പെടുത്തിയ ശനിയാഴ്‌ച രാത്രി ആറ്‌ വർഷത്തിനിടെയുള്ള ഏറ്റവും തണുപ്പേറിയ രാത്രിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here