തുല്യതയില്ലാത്ത വികസനക്കുതിപ്പിന്റെ ഗാഥകളേറെ; വികസന വഴിയിൽ കേരളം നടന്ന ‘2019’

അർധ അതിവേഗ റെയിൽപാതയെന്ന സ്വപ്‌നത്തിലേക്കും കാൽവെച്ചാണ്‌ 2019 വിടപറയുന്നത്‌. വൈദ്യുതി ഉപയോഗിച്ചുള്ള ഓട്ടോ നിരത്ത്‌ കീഴടക്കിയതും കൊച്ചി മെട്രോ തൈക്കൂടത്തേക്ക്‌ യാത്ര തുടങ്ങിയതും ഈ വർഷം. കെ-ഫോണും കോകോണിക്‌സ്‌ ലാപ്‌ടോപ്പും നീം നിക്ഷേപസംഗമവും കെഎഎസും കേരള ബാങ്കും…ഇത്‌ ഈ വർഷത്തെ വികസനക്കുതിപ്പിൽ ചില ഏടുകൾമാത്രം.

പെട്രോ കെമിക്കൽ പാർക്കിനായി സ്ഥലം ഏറ്റെടുക്കാൻ പണമടച്ചതും ഈ വർഷം തന്നെ. 2019 വിടപറയുമ്പോൾ തുല്യതയില്ലാത്ത വികസനക്കുതിപ്പിന്റെ ഗാഥയേറെ പറയാനുണ്ട്‌ കേരളത്തിന്‌.യുഡിഎഫ്‌ സർക്കാരിന്റെ അവസാനകാലം കടുംവെട്ട്‌ തീരുമാനത്തിലൂടെ കണ്ണായ കായലും വയലും റിയൽ എസ്‌റ്റേറ്റ്‌ മാഫിയക്ക്‌ കാഴ്‌ചവച്ചതിന്‌ നേർ ബദൽ. ഐടി മേഖലയിലും വിപ്ലവകരമായ വികസനമാണ്‌ ഒരു വർഷത്തിനിടെ നടന്നത്‌. സ്‌റ്റാർട്ടപ്പുകളുടെ വളർച്ച 35 ശതമാനം വർധിച്ചു.

50,000 പേർക്കാണ്‌ ഐടി മേഖലയിൽ ജോലി ലഭിച്ചത്‌. സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിച്ചുള്ള വീഡിയോ കോൺഫറൻസ്‌ പദ്ധതിയും തുടങ്ങി. സ്‌ത്രീസുരക്ഷയ്‌ക്കായി ഒട്ടേറെ നടപടി സ്വീകരിച്ച എൽഡിഎഫ്‌ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപികമാർക്കും പ്രസവാവധി അനുവദിച്ചു. 2019 വിടപറയുമ്പോൾ സർക്കാർ സമ്മാനിച്ച നേട്ടങ്ങളുടെ മാധുര്യം ഏറെയുണ്ട്‌ ഓർക്കാൻ.

ഇ ഓട്ടോ നീംജി

കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ നീംജി നിരത്തിലിറങ്ങി. നിർമാണാനുമതി ലഭിച്ച്‌ നാലു മാസത്തിനുള്ളിലാണ്‌ അഭിമാനനേട്ടം. മാർച്ചിനകം 1000 ഓട്ടോകൾ നിരത്തിലിറങ്ങും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ (കെഎഎൽ) നെയ്യാറ്റിൻകരയിലെ പ്ലാന്റിലാണ്‌ നിർമാണം.

വില 2.8 ലക്ഷം രൂപ. സാധാരണ ഓട്ടോ ഒരുകിലോമീറ്റർ പിന്നിടാൻ രണ്ട‌് രൂപ ചെലവാകുമ്പോൾ ഇ ഓട്ടോയുടെ ചെലവ‌് 50 പൈസ മാത്രം. നാലു മണിക്കൂർകൊണ്ട‌് വീട്ടിൽനിന്നുതന്നെ ചാർജ് ചെയ്യാം. ഒരുതവണ ചാർജ് ചെയ‌്താൽ 100 കിലോമീറ്റർ സഞ്ചരിക്കാം.

കെ ഫോൺ

20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യ ഇന്റർനെറ്റ്‌ നൽകുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി കെ ഫോണിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കി, രണ്ടാംഘട്ടത്തിന്‌ തുടക്കമിട്ടു. മുഴുവൻ ജനങ്ങൾക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സർക്കാർ നയത്തിന്റെ ഭാഗമാണിത്‌.

സംസ്ഥാനത്തെ സർക്കാർ– അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഇരുപതു ലക്ഷം കുടുംബങ്ങൾക്കും സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകും. ബാക്കിയുള്ളവർക്ക് കുറഞ്ഞ നിരക്കിലും നൽകും. 2020 ൽ പദ്ധതി യാഥാർഥ്യമാകും.

കൊക്കോണിക്‌സ്‌

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കൊക്കോണിക്‌സ്‌ പുറത്തിറങ്ങി. ജനുവരിയിൽ പൊതുവിപണിയിൽ ലഭ്യമാകും. തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമാണശാലയിലാണ്‌ നിർമാണം.

ഇന്റൽ, യുഎസ്ടി ഗ്ലോബൽ, കെൽട്രോൺ, അക്‌സിലറോൺ എന്നീ സ്റ്റാർട്ടപ്പുകൾക്ക് പുറമെ കെഎസ്‌ഐഡിസിയും ചേർന്നാണ് നിർമിക്കുന്നത്. പഴയ ലാപ്‌ടോപ്പുകൾ തിരിച്ചുവാങ്ങി സംസ്‌കരിക്കുന്ന ഇ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഒരുങ്ങുന്നു.

മധ്യ അതിവേഗ റെയിൽപാത

സംസ്ഥാനത്തിന്റെ വികസനചരിത്രത്തിൽ നാഴികക്കല്ലാകുന്ന അർധ അതിവേഗ റെയിൽപ്പാത പദ്ധതിക്ക്‌ കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചു. നാലു മണിക്കൂറിൽ തിരുവനന്തപുരം– കാസർകോട്‌ യാത്ര സാധ്യമാക്കുന്ന പദ്ധതിക്ക്‌ സംസ്ഥാന സർക്കാരും റെയിൽവേയും ചേർന്ന്‌ രൂപീകരിച്ച കേരള റെയിൽ വികസന കോർപറേഷൻ നിക്ഷേപ സമാഹരണം നടത്തും.

200 കിലോ മീറ്റർ വരെ വേഗത്തിൽ ട്രെയിൻ ഓടിക്കാവുന്ന രണ്ടു പാതയാണ്‌ നിർമിക്കുന്നത്‌. പദ്ധതിക്കുള്ള എയർക്രാഫ്‌റ്റ്‌ പരിശോധന ആരംഭിച്ചു. റവന്യു സർവേ, ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക്‌ ഉടൻ കടക്കും.

കൊച്ചി–ഇടമൺ പവർലൈൻ

എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ 93 ശതമാനം മുടങ്ങിക്കിടന്ന കൊച്ചി–- ഇടമൺ പവർലൈനും യാഥാർഥ്യമായി. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന പദ്ധതി. 400 കെവി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവർഹൈവേയുടെ പ്രത്യേകത. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയപ്പോൾ പാലക്കാട്, കൊച്ചി, കോട്ടയം മേഖലകളിൽ ഉൾപ്പെടെ ശരാശരി രണ്ട് കെവി വോൾട്ടേജ് വർധന സാധ്യമായി.

ഗെയിൽ പൈപ്പ്‌ ലൈൻ

ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതിയാണ്‌ യാഥാർഥ്യമാകുന്നത്‌. 2010 ലാണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ആഗസ്തിൽ മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിച്ചു. ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് 2016 ജൂണിലാണ് ജീവൻ വച്ചത്.

കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ്‌ കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. 2016 മെയ് വരെ 80 കി.മീ. ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയിലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കി.മീ. പൈപ്പ് ലൈനിടാൻ സ്ഥലം ലഭ്യമാക്കി. ആയിരം ദിനങ്ങൾക്കുള്ളിലാണ് 380 കി. മീ ദൂരത്തും പൈപ്പ് ലൈൻ ഇട്ടത്. 22 സ്റ്റേഷനുകളിൽ 22 ഉം ആയിരം ദിനങ്ങൾക്കിടയിൽ പൂർത്തിയാക്കി. പദ്ധതി ഉടൻ യാഥാർഥ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News