ബിപിന്‍ റാവത്തിന്റെ നിയമനം പ്രതീക്ഷിച്ചത് തന്നെ; കാരണമായത് സംഘപരിവാര്‍ ബന്ധം

ദില്ലി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാമേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് എത്തുന്നത് യാദൃച്ഛികമല്ല. ഏവരും പ്രതീക്ഷിച്ചതുതന്നെയായിരുന്നു ഈ നിയമനം. അതിന് കാരണമായത് അദ്ദേഹത്തിന്റെ സംഘപരിവാര്‍ ബന്ധമായിരുന്നു.

കരസേനാമേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് എത്തിയതു തന്നെ അനര്‍ഹമായാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരായ ലെഫ്. ജനറല്‍മാര്‍ പ്രവീണ്‍ബക്ഷി, പി എം ഹാരിസ് എന്നിവരെ മറികടന്നായിരുന്നു ചുമതലയേല്‍ക്കല്‍.

മനസ്സിലുള്ള ഈ സംഘപരിവാര്‍ ബന്ധമാണ് ചരിത്രത്തിലില്ലാത്ത വിധം പരസ്യമായി രാഷ്ട്രീയം പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ ശക്തമായി വിമര്‍ശിച്ച് ബിപിന്‍ റാവത്ത് രംഗത്തെത്തിയത് അതുകൊണ്ടുമാത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

എന്താണ് സിഡിഎസ് ?

മൂന്ന് സേനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉപദേശം നല്‍കുന്ന ‘സിംഗിള്‍ പോയിന്റ് അഡ്വൈസര്‍’ എന്ന നിലയിലാകും സിഡിഎസിന്റെ പ്രവര്‍ത്തനം.

പുതുതായി രൂപീകരിക്കുന്ന സൈനികകാര്യവകുപ്പിന്റെ തലവനാണ് സിഡിഎസ്. മൂന്ന് സേനകളുടെയും തലവന്മാരേക്കാള്‍ സീനിയറായ സിഡിഎസിന് സേനാതലവന്മാര്‍ക്ക് ഉള്ളതുപോലെ ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയുണ്ടാകും.

1999ലെ കാര്‍ഗില്‍ യുദ്ധത്തെ തുടര്‍ന്ന് സുരക്ഷാപാളിച്ചകള്‍ പഠിക്കാന്‍ രൂപീകരിച്ച ഉന്നതസമിതിയാണ് സേനാവിഷയങ്ങളില്‍ പ്രതിരോധമന്ത്രിക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാന്‍ ‘പഞ്ചനക്ഷത്ര പദവി’യുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നത്.

നിയമനത്തിന്റെ മുന്നോടിയായി ശനിയാഴ്ച ആര്‍മി റൂള്‍സിലെ സേവന, കാലാവധി വ്യവസ്ഥകള്‍ അസാധാരണ വിജ്ഞാപനത്തിലൂടെ ഭേദഗതി ചെയ്തു.

പരമാവധി പ്രായപരിധി 65 വയസ്സാക്കി. മൂന്ന് സേനകളുടെയും തലവന്മാര്‍ 62 വയസ്സുവരെയോ മൂന്നുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്നതുവരെയോ തുടരണമെന്നാണ് നിലവിലെ വ്യവസ്ഥ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here