കൂടത്തായി; ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം നാളെ സമർപ്പിക്കും. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കുക. ജോളി ഉള്‍പ്പെടെ നാലു പ്രതികളാണ് കേസിലുളളത്. ഇന്ന് നൽകാനുള്ള തീരുമാനം നടപടികൾ പൂർത്തിയാവാത്തതിനാലാണ് മാറ്റിവെച്ചത്.

ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകാൻ രണ്ടുദിവസം ശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, ആർ ഹരിദാസ് കുറ്റപത്രം സമർപ്പിക്കുന്നത്.

നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം നൽകുക. ആയിരത്തോളം പേജുകളുള്ള സമഗ്രമായ കുറ്റപത്രമാണ് അന്വേഷണസംഘം തയ്യാറാക്കിയിരിക്കുന്നത്. റോയി തോമസിന്റെ ഭാര്യ ജോളിയാണ് ഒന്നാം പ്രതി. റോയ് തോമസിന്‍റെ ബന്ധു എം എസ് മാത്യു, താമരശ്ശേരിയിലെ സ്വർണ്ണപ്പണിക്കാരൻ പ്രജു കുമാർ, മനോജ് എന്നിങ്ങനെ നാലു പ്രതികളാണ് കേസിലുള്ളത്.

സയനൈഡ് ഉള്ളിൽ ചെന്നാണ് റോയി തോമസ് മരിച്ചതെന്ന് തെളിയ്ക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിലെ മുഖ്യ തെളിവ്. കൂടാതെ കൊലപാതക കാരണത്തിലേക്ക് നയിച്ച വ്യാജ ഒസ്യത്ത് കേസിലെ മറ്റൊരു തെളിവാകും. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്.

കേരള പോലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകുക. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും വൈകാതെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 2011 സെപ്തംബർ 30 നാണ് റോയ് തോമസ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News