കേരളത്തില്‍ ഡിറ്റെന്‍ഷന്‍ സെന്ററും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി; പൗരത്വ രജിസ്റ്ററും ഇവിടെ നടപ്പാക്കില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമങ്ങളില്‍ കേരളത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

പുതിയ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ആശങ്കകള്‍ പരിഹരിക്കുക എന്നത് പ്രധാനമാണ്. ജനങ്ങളുടെ തികഞ്ഞ സഹകരണത്തോടെ മുന്നോട്ടുപോകേണ്ട ഒന്നാണ് സെന്‍സസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള രീതിയില്‍ അത് തയ്യാറാക്കുവാന്‍ ശ്രമിക്കുന്നത് ആശങ്കകളെ വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ ഇടയാക്കൂ.

അതുകൊണ്ട് ഇപ്പോള്‍ പ്രഖ്യാപിച്ച രീതിയിലുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കലും അതിനുതകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍, അതേസമയം സാധാരണപോലെ നടത്തുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു ആശങ്ക പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളെപ്പറ്റിയാണ്.

ഇത്തരത്തിലുള്ള ഒരു ഡിറ്റെന്‍ഷന്‍ സെന്ററും കേരളത്തില്‍ ഉണ്ടായിരിക്കില്ല. അതിനായുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here