‘തൊണ്ണൂറാം വയസ്സിലെങ്കിലും മനുഷ്യത്വമുള്ള ഒരു വാക്ക് പറയാന്‍ ഒ രാജഗോപാലിന് സാധിക്കുന്നില്ല; എത്രമാത്രം മലീമസമാണ് നിങ്ങളുടെ രാഷ്ട്രീയം’: എം സ്വരാജ്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ബിജെപി എംഎല്‍എ ഒ രാജഗോപാലിന് മറുപടിയുമായി എം സ്വരാജ് എംഎല്‍എ. 90 ാമത്തെ ഈ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പര്‍ശമുള്ള ഒരു വാക്ക് ഇവിടെ പറയാന്‍ സാധിക്കാതെ പോകുന്നുണ്ടെങ്കില്‍ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുകയാണ് ഞങ്ങള്‍.

ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണില്‍ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികള്‍ ഇവിടെയുണ്ട്? കേരളത്തില്‍ എത്ര അനുഭവമുണ്ട്?.

മുസ്ലീം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെയുള്ളത്. 1852 ല്‍ ബ്രിട്ടന്‍ നാടുകടത്തിയ സയ്യദ് ഫസല്‍ പൂക്കോയ തങ്ങളുടെ പേര് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നിങ്ങള്‍ മമ്പുറം എന്നൊരു നാടിനെ കുറിച്ച് അറിയുമോ? വാഴക്കാടിനടുത്ത് കൊന്നാരയെന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനില്‍ക്കുന്നു. മുസ്ലീം ദേവാലയമായിരുന്നു. ബ്രിട്ടന്‍ വെടിവെച്ചു തകര്‍ത്തതാണ്.

അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അത് വഴി കടന്നുപോകുമ്പോള്‍ കൊന്നാര മഖാമിന്റെ വാതായനങ്ങളില്‍ പതിഞ്ഞിട്ടുള്ള നീക്കം ചെയ്യാത്ത വെടിയുണ്ടകള്‍ നിങ്ങള്‍ കാണണം. അവിടെ നിന്നും ബ്രിട്ടന്‍ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരില്‍ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങള്‍ക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ? ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹമിട്ട പേര് മലയാള രാജ്യമെന്നായിരുന്നു എം സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News