എംജി സര്‍വകലാശാലയില്‍ മികച്ച കോളേജുകള്‍ക്കും കായിക വിദ്യാര്‍ഥികള്‍ക്കും പുരസ്‌കാരം

മികച്ച അഫിലിയേറ്റഡ് കോളേജുകൾക്കും കായികമേഖലയിലെ മികച്ച പ്രകടനത്തിന് വിദ്യാർഥികൾക്കും പുരസ്‌കാരം ഏർപ്പെടുത്തി മഹാത്മാ ഗാന്ധി സർവകലാശാല ബജറ്റ്. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സിൻഡിക്കേറ്റ് യോഗത്തിൽ സാമ്പത്തിക കാര്യസമിതി കൺവീനർ പ്രൊഫ. കെ. ജയചന്ദ്രനാണ് 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്.

സർവകലാശാലയ്ക്ക് കീഴിലുള്ള മികച്ച എയ്ഡഡ്, സ്വാശ്രയ, സ്വയംഭരണ കോളേജുകൾക്കാണ് വൈസ് ചാൻസലറുടെ എവർറോളിംഗ് ട്രോഫിയും മൂന്നു ലക്ഷം രൂപയുടെ കാഷ് അവാർഡും നൽകുക. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി.

സ്‌പോർട്‌സ് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വൈസ് ചാൻസലറുടെ അവാർഡ് നൽകുന്നതിനായി അഞ്ചുലക്ഷം രൂപ മാറ്റിവച്ചു. പരീക്ഷഫലവും ഫീസടയ്ക്കലുമടക്കം എല്ലാ സേവനങ്ങളും മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതിന് വിദ്യാർഥിസൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും.

വിദേശവിദ്യാർഥികളുടെ പഠനത്തിനായി സർവകലാശാലയിൽ ഗ്രീൻ ചാനൽ സംവിധാനം ഒരുക്കും. ഗവേഷണ വിദ്യാർഥികളുടെ ഫെലോഷിപ്പ് അതത് മാസം നൽകുന്നതിനായി രണ്ടുകോടി രൂപ വകയിരുത്തി.

കോളേജുകളിൽ സ്‌പോർട്‌സ് മെഡിസിനിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കും. സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ സ്‌പോർട്‌സ് മെഡിസിനിൽ പി.ജി., ഗവേഷണ പ്രോഗ്രാമുകൾ ആരംഭിക്കും.

പരീക്ഷവിഭാഗത്തിൽ ഇന്ററാക്ടീവ് ടച്ച് സ്‌ക്രീനോടുകൂടിയ ഇൻഫർമേഷൻ കിയോസ്‌കുകൾ സ്ഥാപിക്കും. പരീക്ഷ റെക്കോഡുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായി 25 ലക്ഷം രൂപ മാറ്റിവച്ചു. സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളുടെ സഹായത്തോടെ ഇന്റഗ്രേറ്റഡ് എം.എ., എം.എസ്‌സി. പ്രോഗ്രാമുകൾ ആരംഭിക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.

പരിസ്ഥിതിശാസ്ത്ര വകുപ്പിനുകീഴിൽ അപ്ലൈഡ് ജിയോളജി റിസർച്ച് ലബോറട്ടറി സ്ഥാപിക്കും. നവസംരംഭകർക്കും നൂതനാശയങ്ങൾ വികസിപ്പിക്കുന്ന വിദ്യാർഥികൾക്കുമായി സ്റ്റാർട്ടപ്പ് പദ്ധതി ബാങ്ക് ആരംഭിക്കും. സർവകലാശാലതലത്തിൽ പേറ്റന്റ് ഫെസിലിറ്റേഷൻ കേന്ദ്രം സ്ഥാപിക്കും.

വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി റൂസ പദ്ധതിയുടെ ഭാഗമായി എന്റർപ്രണർഷിപ്പ്, എംപ്ലോയബിലിറ്റി കരിയർ ഹബ് ആരംഭിക്കും.

മുട്ടം കാമ്പസിനെ ഇതിന്റെ സാറ്റലൈറ്റ് കേന്ദ്രമാക്കി മാറ്റും. അനധ്യാപക ജീവനക്കാരുടെ ക്വാർട്ടേഴ്‌സിന്റെ രണ്ടാംഘട്ട നിർമാണത്തിനായി രണ്ടുകോടിയും അധ്യാപക ക്വാർട്ടേഴ്‌സിനായി ഒരു കോടി രൂപയും വകയിരുത്തി. അധ്യാപകർക്കും ജീവനക്കാർക്കുമായി എസ്.ബി.ഐ.യുടെ സഹകരണത്തോടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തും.

പെൻഷൻ റിസർവ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതിനായി 10 കോടി രൂപ നീക്കിവച്ചു. സൗരോർജം ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി പോളിമർ അധിഷ്ഠിതമായ സൗരോർജ സെല്ലുകൾ വികസിപ്പിക്കും. ഹരിത കാമ്പസിനായി നൂതന മാലിന്യനിർമാർജന സംവിധാനം നടപ്പാക്കും.

അഫിലിയേറ്റഡ് കോളേജുകളിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തും. സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ രാജ്യാന്തര പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനായി ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പ്/ചെയർ സ്ഥാപിക്കും.

വിവിധ സർവകലാശാലകളിലെ ശാസ്ത്രജ്ഞരും അധ്യാപകരും ഉൾപ്പെടുന്ന കൺസോർഷ്യം എല്ലാ വിജ്ഞാനശാഖകളിലും സ്ഥാപിക്കും. 559.73 കോടി രൂപ വരവും 628.82 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News