പൗരത്വ നിയമം കേരളത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്‍തുടരണം: കോടിയേരി ബാലകൃഷ്ണന്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കിയത്‌ അഭിനന്ദനാര്‍ഹമായ നടപടിയാണ്‌. ഈ നിയമത്തിനെതിരെ നിലപാട്‌ സ്വീകരിച്ചിരിക്കുന്ന പാര്‍ടികള്‍ നയിക്കുന്ന സര്‍ക്കാരുകളും സമാനമായ നടപടിക്ക്‌ നേതൃത്വം നല്‍കണം.

കോണ്‍ഗ്രസ്‌ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ നേതൃത്വം മുന്‍കൈയെടുത്ത്‌ കേരളത്തിലേതുപോലെ പ്രമേയം പാസ്സാക്കണം.

ഇവിടെ സര്‍ക്കാരിനൊപ്പം ശരിയായ നിലപാട്‌ സ്വീകരിച്ച്‌ ഒപ്പം നിന്ന കോണ്‍ഗ്രസ്‌, അഖിലേന്ത്യാ നേതൃത്വത്തിനോട്‌ ഇതിനായി ആവശ്യപ്പെടണം. സംസ്ഥാന നിയമസഭകള്‍ പ്രമേയങ്ങള്‍ പാസ്സാക്കുന്നത്‌ പൗരത്വ നിയമത്തിനെതിരായ പോരാട്ടങ്ങള്‍ക്ക്‌ കരുത്തു പകരും.

രാജ്യത്തെയാകെ ബാധിക്കുന്നതും ഭരണഘടന വിരുദ്ധവുമായ നിയമ നിര്‍മ്മാണത്തെ സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാന്‍ ഫെഡറല്‍ ഘടന നിലവിലുള്ള രാജ്യത്ത്‌ സംസ്ഥാനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അതിനു മുന്‍കൈയെടുത്ത മുഖ്യമന്ത്രിയേയും ഒപ്പം നിന്ന പ്രതിപക്ഷ നേതാവും മതനിരപേക്ഷ ഇന്ത്യക്ക്‌ പ്രതീക്ഷയാണ്‌ നല്‍കിയത്‌.

എന്നാല്‍, ഇത്‌ പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യലാണ്‌ എന്ന ബി.ജെ.പിയുടെ വാദം അടിസ്ഥാനരഹിതമാണ്‌. പൗരത്വത്തെ സംബന്ധിച്ച്‌ നിയമം പാസ്സാക്കാന്‍ പാര്‍ലമെന്റിന്‌ അധികാരം നല്‍കുന്നത്‌ ഭരണഘടനയാണ്‌.

ഇവിടെ ഭരണഘടനയെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുന്നത്‌. അതിന്‌ ഭൂരിപക്ഷം ഉപയോഗിച്ച്‌ പാര്‍ലമെന്റിനെ ദുരുപയോഗപ്പെടുത്തുകയാണ്‌ ചെയ്‌തത്‌. ഇത്രയും ഗൗരവമായ നിയമം സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേന്ദ്രമോ, പാര്‍ലമെന്റോ തേടിയിട്ടില്ല.

2019ലെ ബില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക്‌ അയക്കാന്‍ തയ്യാറായില്ല. 2016 ലെ ബില്‍ സംയുക്ത കമ്മിറ്റിക്ക്‌ വിട്ടുവെന്ന വാദവും നിലനില്‍ക്കുന്നതല്ല. ആ കമ്മിറ്റി സംസ്ഥാന സര്‍ക്കാരുകളെയോ ബന്ധപ്പെട്ട മറ്റുള്ളവരെയോ കേട്ടില്ലെന്ന പരാതി അംഗങ്ങള്‍ തന്നെ അന്നേ ഉയര്‍ത്തിയിട്ടുണ്ട്‌.

അതു കൊണ്ട്‌ തന്നെ ഇതു സംബന്ധിച്ച്‌ ജനങ്ങള്‍ക്കുള്ള ഉത്‌കണ്‌ഠ പ്രകടിപ്പിക്കുന്നതിനും ഭരണഘടന വിരുദ്ധത ചൂണ്ടി കാണിക്കുന്നതിനും സംസ്ഥാന നിയമസഭകള്‍ക്ക്‌ അവകാശമുണ്ട്‌. ഇത്‌ ബി.ജെ.പി ഇതര കക്ഷികള്‍ക്ക്‌ ഭരണമുള്ള സംസ്ഥാനങ്ങളിലെ നിയമസഭകളും മാതൃകയാക്കണം.

തമിഴ്‌നാട്ടില്‍ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്‌. രാജ്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനാധിപത്യ വേദികളും ഭാഗമാകണം. സംസ്ഥാനത്ത്‌ സി.പി.ഐ (എം) നയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഴുവന്‍ ജനങ്ങളെയും അണിനിരത്തിയുള്ള യോജിച്ച പ്രതിഷേധ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News