കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്.

ജോളി ഉള്‍പ്പെടെ നാലു പ്രതികളാണ് കേസിലുളളത്. കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തി റോയിയെ കൊലപ്പെടുത്തിയെന്ന് കുറ്റപത്രം. വളരെ സംതൃപ്തിയോടെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് വടകര റൂറൽ എസ്പി കെ.ജി സൈമൺ പറഞ്ഞു.

റോയ് തോമസിനെ കൊണ്ട് പ്രയോജനമില്ലെന്ന് കണ്ടതും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമവുമാണ് കൊലയിലേക്ക് നയിച്ചത്. ഒന്നാം പ്രതി ജോളി തനിച്ചാണ് ഭർത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം പറയുന്നു.

സയനൈഡ് കൈമാറിയ എം എസ് മാത്യു രണ്ടും, സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്. വ്യാജരേഖ നിർമ്മിക്കാൻ സഹായിച്ച മനോജാണ് നാലാം പ്രതി.

1800 പേജുള്ള കുറ്റപത്രത്തിൽ 246 സക്ഷികളുണ്ട്, 322 രേഖകളും. സാക്ഷികളിൽ 26 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. കൊലപാതകം, ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ, വിഷം കൈയിൽ വെക്കുക, കൈമാറുക തുടങ്ങിയ 10 കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്.

കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു. റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കെമിക്കൽ എക്സാമിനേഷൻ റിപ്പോർട്ട് എന്നിവ ശക്തമായ തെളിവുകളാണ്.

ബി കോം, എം കോം, യു ജി സി നെറ്റ്, NIT ഐ ഡി കാർഡ് എന്നിവ ജോളി വ്യാജമായി നിർമ്മിച്ചതായി കണ്ടെത്തി. ജോളിയുടെ 2 മക്കൾ അടക്കം 6 പേരുടെ രഹസ്യ മൊഴി കേസിന് ബലം നൽകും.

റോയി കേസിൽ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് ഈ കേസിൽ പങ്കില്ലെന്നും റൂറൽ എസ് പി പറഞ്ഞു. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് ലഭിച്ചിട്ടുണ്ട്.

3 പേരെ കൂടി കൊലപ്പെടുത്താൻ ജോളി പദ്ധതിയിട്ടിരുന്നതായും മറ്റ് കേസുകളിൽ കുറ്റപത്രം സമയബന്ധിതമായി സമർപ്പിക്കുമെന്നും റൂറൽ എസ് പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News