കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച നിക്ഷേപപദ്ധതി മറ്റൊരു തട്ടിപ്പ്‌; തലതിരിഞ്ഞ നയങ്ങൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും-തോമസ്‌ ഐസക്‌

തിരുവനന്തപുരം: പുതുവർഷ സമ്മാനമായി കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപപദ്ധതി മറ്റൊരു പ്രഖ്യാപനത്തട്ടിപ്പാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌.

സമ്പദ്ഘടനയിൽ ഇതൊരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ല. അടുത്ത അഞ്ചുവർഷം കൊണ്ട് ഈ ഭീമമായ നിക്ഷേപമുണ്ടാകുമ്പോൾ സാമ്പത്തികവളർച്ചയുടെ വേഗം കൂടുകയും ഇന്ത്യ 5 ട്രില്യൺ ഡോളറിന്റെ സമ്പദ്ഘടന എന്ന ലക്ഷ്യത്തിൽ രാജ്യം എത്തിച്ചേരുമെന്നാണ് മനഃപ്പായസമുണ്ണുന്നത്.

പക്ഷേ, ഈ നിക്ഷേപം ഇന്ത്യയെ ഇന്നത്തെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറ്റും എന്ന തെറ്റിദ്ധാരണ ആർക്കും വേണ്ട ‐ മന്ത്രി പറഞ്ഞു.

102 ലക്ഷം കോടി രൂപ കേന്ദ്രവും സംസ്ഥാനവും സ്വകാര്യ നിക്ഷേപകരും കൂടി നടത്തേണ്ടതാണ്. ഇതിൽ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവുമാണ് മുതൽമുടക്കുന്നത്. 22 ശതമാനം സ്വകാര്യ നിക്ഷേപകരും. അതായത് കേന്ദ്രസർക്കാർ മുടക്കേണ്ടത് 5 വർഷം കൊണ്ട് 40 ലക്ഷം കോടി രൂപ.

ഇപ്പോൾത്തന്നെ 8 ലക്ഷം കോടി രൂപ വീതം കേന്ദ്രസർക്കാർ പ്രതിവർഷം പശ്ചാത്തല സൗകര്യ നിർമ്മാണത്തിൽ മുതൽമുടക്കുന്നുണ്ട്. ഈ തോത് അടുത്ത വർഷങ്ങളിൽ നിലനിർത്തുമെന്നു മാത്രം.

അതിനപ്പുറമൊന്നും ഈ പാക്കേജിൽ കേന്ദ്രവിഹിതമില്ല. മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കമ്മി ഉയർത്തി നിക്ഷേപത്തിൽ കേന്ദ്രസർക്കാർ ഗണ്യമായ വർദ്ധന നടത്തണം എന്ന ആവശ്യം എല്ലാ കോണുകളിൽനിന്നും ഉയരുന്നുണ്ട്. അതിനൊരു പരിപാടിയൊന്നും കേന്ദ്രധനമന്ത്രിയുടെ കൈവശമില്ല. പതിവുപോലെ കാര്യങ്ങൾ തുടരും. അത്രമാത്രം.

പണി സംസ്ഥാനങ്ങൾക്കാണ്. ഈ പദ്ധതി പ്രകാരം സംസ്ഥാനങ്ങളോട് തുല്യവിഹിതം വഹിക്കാനാണ് ആവശ്യപ്പെപെട്ടിരിക്കുന്നത്. അതെങ്ങനെ സാധ്യമാകും?

ഒരുവശത്ത് കേന്ദ്രസർക്കാർ തന്നെ സംസ്ഥാനങ്ങൾക്കുള്ള സഹായം വെട്ടിക്കുറയ്ക്കുന്നു. മറുവശത്ത് മാന്ദ്യം മൂലം സംസ്ഥാനങ്ങളുടെ നികുതി വരുമാനം കുറയുന്നു.

അപ്പോഴെങ്ങനെ സംസ്ഥാനങ്ങൾ ഈ പദ്ധതിയുടെ 39 ശതമാനം വഹിക്കും? ഈ പറയുന്ന നിക്ഷേപം സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പോകുന്നില്ലെന്നതാണ് വസ്‌തുത.

സ്വകാര്യ നിക്ഷേപകരുടെ കാര്യം അധികം പറയാതിരിക്കുകയാണ് നല്ലത്. ബാങ്കുകളിൽനിന്നുള്ള വായ്പയുടെ വർദ്ധന അമ്പതു വർഷത്തിൽ ഏറ്റവും താഴെയാണ്.

എന്നുവെച്ചാൽ മാന്ദ്യം മൂലം മുതൽമുടക്കാൻ സ്വകാര്യ നിക്ഷേപകർ തയ്യാറല്ല. എന്നു മാത്രമല്ല, ഇന്നത്തെ മറ്റൊരു വാർത്ത നവംബർ മാസത്തെ ഇൻഫ്രാസ്ട്രക്ചർ വ്യവസായങ്ങളുടെ ഉൽപാദന ഇടിവിനെക്കുറിച്ചാണ്.

തുടർച്ചയായി നാലാം മാസമാണ് മുൻവർഷത്തെ അപേക്ഷിച്ച് ഇൻഫ്രാസ്ട്രക്ചർ വ്യവസായങ്ങളിൽ ഉൽപാദന ഇടിവുണ്ടാകുന്നത്. നവംബർ മാസത്തിൽ 1.5 ശതമാനമാണ് ഉൽപാദനം കുറഞ്ഞത്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണ്. പക്ഷേ, സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി 100 ലക്ഷം കോടിയുടെ നിക്ഷേപത്തെക്കുറിച്ച് പ്രസംഗിച്ചുപോയല്ലോ.

അതിനെന്തെങ്കിലുമൊരു മുഖംമിനുക്കൽ പരിപാടി ഉണ്ടാക്കിയേ തീരൂ. അതിനുവേണ്ടി തട്ടിക്കൂട്ടിയ പദ്ധതിയാണിത്. അതുകൊണ്ടുതന്നെ കേന്ദ്രധനമന്ത്രിയുടെ പുതുവർഷസമ്മാനപ്രഖ്യാപനം ഒരു പ്രതികരണവും സമ്പദ്ഘടനയിൽ സൃഷ്ടിക്കാൻ പോകുന്നില്ല.

ഇന്നത്തെ ബിസിനസ് സ്റ്റാൻഡേഡിൽ ഒന്നാം പേജ് അതിനു തെളിവാണ്. 50 കോർപറേറ്റ് കമ്പനികളുടെ തലവന്മാരെ സർവെ നടത്തി അവർ ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

പ്രതികരിച്ചവരിൽ 52 ശതമാനം പേരും 2020ൽ മാന്ദ്യം കൂടുതൽ രൂക്ഷമാകും എന്നാണ് അഭിപ്രായപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ് – മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News