പാചക വാതക, ട്രെയിന്‍ നിരക്ക് വര്‍ധനകളാണ്‌ മോഡി സർക്കാരിന്റെ ന്യൂ ഇയർ സമ്മാനം‐സീതാറാം യെച്ചൂരി

ന്യൂഡൽഹി: പാചക വാതകം, ട്രെയിന്‍ നിരക്ക് വര്‍ധനക്കെതിരെ വിമര്‍ശനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങള്‍ക്കെതിരെയള്ള മറ്റൊരാക്രമണം എന്നാണ് സര്‍ക്കാറിനെതിരെ യെച്ചൂരി വിമര്‍ശനമുന്നയിച്ചത്.

ട്രെയിന്‍ നിരക്ക് വര്‍ധനക്ക് ശേഷം ജനങ്ങള്‍ക്ക് മറ്റൊരു ആഘാതവും നല്‍കി മോഡി സര്‍ക്കാര്‍ പുതുവര്‍ഷം ആരംഭിച്ചു. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, വേതന ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു. ട്രെയിന്‍ നിരക്ക് വര്‍ധനവും പാചക വാതക വില വര്‍ധനവും സൂചിപ്പിച്ചാണ് യെച്ചൂരിയുടെ വിമര്‍ശനം.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂട്ടിയിരുന്നു. സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19.50 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതൽ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു.

വിമാന ഇന്ധനത്തിന്‍റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്‍റെ വിലവര്‍ദ്ധനവ്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാൻ കാരണമെന്നാണ് വിശദീകരണം. ട്രെയിൻ യാത്രാനിരക്കുകളിലും വര്‍ധനവ് ഏര്‍പ്പെടുത്തി.

യാത്രാനിരക്കുകളിൽ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അടിസ്ഥാന നിരക്കിലാണ് ചാർജ് വര്‍ദ്ധനവ്.

സബ് അർബൻ ട്രെയിനുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല. മോർഡിനറി നോൺ എസി- സബ് അർബൻ അല്ലാത്ത ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസ വെച്ച് കൂടും.

മെയിൽ-എക്സ്പ്രസ്-നോൺ എസി ട്രെയിനുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളിൽ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവന്തപുരം ഡൽഹി രാജധാനി എക്സ്പ്രസിൽ നോൺ എസി ടിക്കറ്റുകൾക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകൾക്ക് 121 രൂപയും കൂടും.

ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്‍റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here