പുതുവർഷത്തിൽ ഇരുട്ടടിയായി ട്രെയിൻ യാത്രാനിരക്ക്‌

പുതുവർഷത്തിലെ ട്രെയിൻ യാത്രാനിരക്ക്‌ വർധന യാത്രക്കാർക്ക്‌ ഇരുട്ടടിയായി. ദീർഘദൂരയാത്രക്കാർക്കാണ്‌ നിരക്ക്‌ വർധന വലിയ തിരിച്ചടിയായത്‌. ചൊവ്വാഴ്‌ച രാത്രി നിരക്ക്‌ വർധന പ്രഖ്യാപിച്ച്‌ ബുധനാഴ്‌ച മുതൽ കൂട്ടിയ നിരക്ക്‌ ഈടാക്കി. നിരക്ക്‌ വർധനയ്‌ക്കെതിരെ യാത്രക്കാരും പാസഞ്ചർ അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തെത്തി.

എസി ടിക്കറ്റിൽ കിലോമീറ്ററിന്‌ നാലു പൈസ വീതവും മെയിൽ/ എക്‌സ്പ്രസ് ട്രെയിനിൽ നോൺ എസി വിഭാഗത്തിൽ അടിസ്ഥാന നിരക്കിൽ കിലോമീറ്ററിന് രണ്ടു പൈസ വീതവും കൂട്ടി. ഓർഡിനറി നോൺ എസി ട്രെയിനുകളിൽ ഒരു പൈസ വീതവും കൂട്ടി.

എക്‌സ്‌പ്രസ്‌, രാജധാനി, ജനശതാബ്‌ദി ട്രെയിനുകൾക്കും നിരക്ക്‌ വർധന ബാധകമാണ്‌. സുവിധ, സ്‌പെഷ്യൽ ഫെയർ ട്രെയിനുകൾക്ക്‌ ഇപ്പോൾത്തന്നെ വിമാന നിരക്കിന്‌ സമാനമാണ്‌ നിരക്ക്‌. പുതിയ നിരക്ക്‌ വർധനയോടെ നിരക്ക്‌ ഭീമമാകും.

470 രൂപയായിരുന്ന തിരുവനന്തപുരം– ചെന്നൈ സ്ലീപ്പർ ടിക്കറ്റ്‌ 490 രൂപയായി. തിരുവനന്തപുരം– നിസാമുദ്ദീൻ രാജധാനിക്ക്‌ 114 രൂപ കൂടി. തിരുവനന്തപുരം– ഡൽഹി സ്ലീപ്പർ ക്ലാസ്‌ യാത്രാനിരക്ക്‌ 915ൽനിന്ന്‌ 975 ആയി കൂടി. കൊച്ചുവേളി– ബംഗളൂരു സ്ലീപ്പർ നിരക്ക്‌ 425ൽനിന്ന്‌ 475 ആയി ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here