ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയെ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്‌കരിച്ചതിനിടെയാണ് രാഹുല്‍ ഗാന്ധി പരിപാടിയെ അഭിനന്ദിച്ച് സന്ദേശമയക്കുന്നത് എന്നതാണ് ശ്രദ്ധേയം.

രാജ്യനിര്‍മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്നാണ് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്.

പരിപാടിയ്ക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി അയച്ച സന്ദേശം ഇങ്ങനെ:

”സംസ്ഥാനത്തിന്റെ പതാകവാഹകരായി എന്നും മാറിയ പ്രവാസി കേരളീയര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. പ്രവാസികളായ കേരളീയരെ ഒരുമിച്ച് ഒരു വേദിയില്‍ കൊണ്ടുവരാനും അവരുടെ സംഭാവനകള്‍ക്ക് വേണ്ട അംഗീകാരം നല്‍കാനും കഴിയുന്ന മികച്ച വേദിയാണ് ലോക കേരളസഭ.

ഇന്ത്യയുടേത് മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും ദേശനിര്‍മാണത്തിന് നിസ്തുലമായ പങ്ക് വഹിച്ചവരാണ് മലയാളികള്‍. ആത്മസമര്‍പ്പണം കൊണ്ടും ലക്ഷ്യബോധം കൊണ്ടും ഏറെ പ്രശംസ കേട്ടവര്‍. തലമുറകളായി അവര്‍ പല മേഖലകളിലും കഴിവ് തെളിയിക്കുന്നു, നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്കും അതിന്റെ ഗുണം കിട്ടുകയും ചെയ്യുന്നു.

കോസ്‌മോപൊളിറ്റന്‍ ആയി എന്നും വാഴ്ത്തപ്പെട്ട മലയാളി, പക്ഷേ നാടിനെ മറന്നവരല്ല. അവരെന്നും, സ്വന്തം നാടിന്റെ സംസ്‌കാരത്തില്‍ വേരുകളുള്ളവരാണ്. പ്രവാസി മലയാളികളുടെ പല സംരംഭങ്ങളും സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ സമര്‍പ്പണമാണ്.

സ്വന്തം നാടിന്റെ സമ്പന്നമായ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പതാകവാഹകരായ ഈ പ്രവാസികേരളീയ സമൂഹത്തിന് ഇതേ നേട്ടം ഇനിയും ആവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

രാഹുല്‍ ഗാന്ധി,
12 ഡിസംബര്‍ 2019

ജനുവരി 1 മുതല്‍ 3 വരെ തിയ്യതികളില്‍ പ്രവാസി കേരളീയരെ അണിനിരത്തിയുള്ള ലോകകേരള സഭയുടെ സമ്മേളനം തിരുവനന്തപുരത്ത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ലോകകേരള സഭയുമായി പ്രതിപക്ഷം സഹകരിച്ചിരുന്നെങ്കിലും ഇക്കുറി ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം. ലോക കേരള സഭ ബഹിഷ്‌കരിച്ചു കൊണ്ടുള്ള യുഡിഎഫ് നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായി.

ഇതിനിടെ, ലോകകേരളസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രിയായ വി മുരളീധരന്‍ രംഗത്തെത്തി. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു വി മുരളീധരന്‍. എന്താണ് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here