പൗരത്വ ഭേദഗതി നിയമത്തിനോടുളള ഭയം മാറ്റാന്‍ മോദി ചര്‍ച്ച നടത്തേണ്ടത് സന്യാസിമാരോടല്ല, സംസ്ഥാനങ്ങളോടാണ്

ചെവ്വാഴ്ച കേരള നിയമസഭയില്‍ ചരിത്രപരമായ ഒന്ന് നടന്നു.പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ അപലപിച്ച് സംസ്ഥാന നിയമസഭ ഒരു പ്രമേയം പാസാക്കി.

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് 11 സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു കേരളം ജനാധിപത്യ ഇന്ത്യയില്‍ ചരിത്രം തീര്‍ത്തത്.പൗരത്വ രജിസ്റ്ററിന്റെ ആദ്യഘട്ടമായ ജനസംഖ്യാ രജിസ്റ്റര്‍ പോലും നടപ്പാക്കില്ലെന്ന് കേരളവും പശ്ചിമബംഗാളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുന്നത് ഇന്ത്യയില്‍ അസാധാരണമാണ്.ഈ ഭരണഘടനാ പ്രതിസന്ധിയുടെ കാരണം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നയമാണ്.പാര്‍ലമെന്റിലെ ഭൂരിപക്ഷംവെച്ച് തങ്ങള്‍ക്കിഷ്ടം പോലെ നിയമങ്ങള്‍ പാസാക്കാമെന്ന സര്‍ക്കാര്‍ ഹുങ്കിനെതിരെയാണ് സംസ്ഥാനങ്ങള്‍ തിരിഞ്ഞിരിക്കുന്നത്.

എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, സംസ്ഥാനങ്ങളുമായുളള ചര്‍ച്ചകളില്‍ നിന്നൊളിച്ചോടിയ മോഡി ആശ്രയിക്കുന്നത് മനുഷ്യദൈവങ്ങളേയാണ്. ദേശീയ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച് ജഗ്ഗിവാസുദേവ് സംസാരിക്കുന്ന വീഡിയോ പ്രധാനമന്ത്രി തിങ്കളാഴ്ച ട്വീറ്റ് ചെയ്തത് ഇതിന് തെളിവാണ്.

ഇതു തന്നെയാണ് മോഡി ഭരണകൂടത്തിന്റെ പ്രധാന പ്രശ്‌നമെന്ന് പറയേണ്ടി വരും.ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ നനാത്വമെന്തെന്ന് നമ്മുടെ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല.ലോകജനസംഖ്യയുടെ ആറിലൊന്ന് ഉള്‍ക്കൊളളുന്ന ജനശക്തിയുടെ അത്മാവ് ഉള്‍ക്കൊളളാന്‍ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് ഇനിയും ആയിട്ടില്ല.

ഇതാദ്യമായല്ല ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.2016ലെ കറന്‍സി നിരോധനം ഇതിന് ഉത്തമോദാഹരണമാണ്. ബന്ധപ്പെട്ടവരുമായി,എന്തിന് റിസര്‍വ് ബാങ്കുമായി പോലും വേണ്ടത്ര ചര്‍ച്ച നടത്താതെ പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ച കറന്‍സി നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു.അതില്‍ നിന്ന് എന്ന് കരപറ്റുമെന്ന് പറയാന്‍ പ്രധാനമന്ത്രിയ്ക്കു പോലും കഴിയുന്നില്ല.

പൗരത്വ ഭേദഗതി നിയമത്തിലും സമാനമായ ധൃതിയാണ് പ്രധാനമന്ത്രി കാണിക്കുന്നത്.കേന്ദ്രം ആജ്ഞാപിക്കും സംസ്ഥാനങ്ങള്‍ അനുസരിക്കണമെന്ന അടിമ – ഉടമ മനോഭാവമാണ് മോഡി കാണിക്കുന്നത്.

ഒരു രാഷ്ട്രത്തെ പഠിക്കണമെങ്കില്‍ ആ രാഷ്ട്രത്തിന്റെ ചരിത്ര ഭൂമിക കൂടി കാണേണ്ടതുണ്ട്.ഈ രാജ്യത്തിന് ഹിന്ദുത്വമെന്ന ഏകത്വമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് മോഡി ഭക്തര്‍. എന്നാല്‍ ഇന്ത്യ ഇന്നീ രൂപത്തിലുളള രാഷ്ട്രമായത് ബ്രിട്ടീഷ് രാജ്യത്തിന്റെ അന്ത്യത്തിലാണെന്നതാണ് വസ്തുത.

ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നതിന് നാല് മാസം മുമ്പാണ് അധികാരം രണ്ട് രാഷ്ട്രങ്ങള്‍ക്ക് മാത്രമായി കൈമാറണമെന്ന തീരുമാനം ബ്രിട്ടീഷ് വൈസ്രോയ് കൈക്കൊളളുന്നത്. ഐക്യപ്പെടാന്‍ തയ്യാറായില്ലെങ്കില്‍ ഛിന്നഭിന്നമായി കിടക്കുന്ന നാട്ടുരാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനായിരുന്നു വൈസ്രോയിയുടെ നീക്കം.

ഇനി ഹൈന്ദവ രാഷ്ട്രം എന്ന സംഘപരിവാര്‍ സങ്കല്‍പം കുറച്ചെങ്കിലും മൂര്‍ത്തമാകണമെങ്കില്‍ ഹിന്ദു ഭൂരിപക്ഷമുളള നേപ്പാള്‍ ഇന്ത്യയോട് ചേരണമായിരുന്നു.ചേര്‍ന്നില്ലെന്ന് മാത്രമല്ല ഇന്ത്യയുമായി ചേരാന്‍ ഒരിക്കലും നേപ്പാള്‍ തയ്യാറായതുമില്ല.1971ലെ ബംഗ്ലാദേശ് പിറവി മറ്റൊരു കാര്യം കൂടി തെളിയിക്കുന്നു, ദ്വിരാഷ്ട്ര സങ്കല്‍പം പരിപൂര്‍ണമായിരുന്നില്ല എന്ന്.

ഏകരാഷ്ട്ര സങ്കല്‍പ്പത്തില്‍ രാഷ്ട്രത്തെ പ്രധാനമായും യോജിപ്പിച്ച് നിര്‍ത്തുക ഭാഷയാണ്.ലോകത്തെങ്ങും ആ മാതൃകയാണ് കണ്ടു വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ പൗരന് ഒന്നിലധികം സ്വത്വങ്ങളുണ്ട് എന്നതാണ് വസ്തുത.

ഇന്ത്യയുടെ പ്രത്യേകതകള്‍ കാരണം ഭരണാധികാരികള്‍ വളരെ സൂക്ഷിച്ചുമാത്രമേ തീരുമാനമെടുക്കാവൂ.ചൈനയിലോ ഫ്രാന്‍സിലോ ഉണ്ടായ പോലെ ഏകമാനമായ ഒരു സംസ്‌കാരിക വിപ്ലവം ഇന്ത്യയിലുണ്ടായിട്ടില്ല. ഇന്ത്യന്‍ സമര നേതൃത്വവുമായി നീണ്ട ചര്‍ച്ച നടത്തിയാണ് ബ്രിട്ടീഷുകാരുപോലും അധികാരക്കൈമാറ്റം നടത്തിയത്.

ചര്‍ച്ചയാണ് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് നിദാനം.എന്നാല്‍ 2014 മുതല്‍ ഇതില്‍ നിന്നുളള മാറി നടക്കലാണ് മോഡി നടത്തുന്നത്.

യഥാര്‍ത്ഥത്തില്‍ പൗരത്വ പ്രശ്‌നത്തില്‍ മോഡി ഏകപക്ഷീയമായ തീരുമാനം കൈക്കൊളളുന്നത് രാജ്യത്തെ അപകടത്തിലാക്കുകയെ ഉളളൂ.സംസ്ഥാനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുത്തു മാത്രമേ കേന്ദ്രം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊളളാവൂ. അതല്ലാത്തതൊന്നും ഒരു രാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് നല്ലതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News