കായികമേഖലയിലെ താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

തിരുവനന്തപുരം: കായികരംഗത്ത് മികച്ച നേട്ടംകുറിച്ച താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം.

ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസില്‍ മെഡല്‍ നേടിയ കേരള ടീമംഗങ്ങള്‍ക്കും വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മികച്ച സ്‌കൂളുകള്‍ക്കും ക്യാഷ് അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ പി ജയരാജനും പ്രൊഫ. സി രവീന്ദ്രനാഥും അവാര്‍ഡുകള്‍ സമ്മാനിച്ചു. താരങ്ങളെ അനുമോദിച്ചു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ നമ്മുടെ കായികതാരങ്ങള്‍ക്കുള്ള പ്രചോദനമാണ് ഈ അവാര്‍ഡ് എന്നും ഒളിമ്പിക് സ്വപ്നങ്ങള്‍ സഫലമാക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.ദക്ഷിണകൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് പട്ടം നേടിയ മലയാളിയായ ചിത്തരേഷ് നടേശനെ ചടങ്ങില്‍ ആദരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികമായ അഞ്ചു ലക്ഷം രൂപയും ഫലകവും സമ്മാനിച്ചു.

ദേശീയ–സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ പുണെയില്‍ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ രണ്ടാം എഡിഷനില്‍ അണ്ടര്‍- 17, അണ്ടര്‍- 21 വിഭാഗങ്ങളിലായി മെഡലുകള്‍ നേടിയ കേരള ടീമംഗങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

12 സ്വര്‍ണം, 16 വെള്ളി, 30 വെങ്കലം ഉള്‍പ്പെടെ 58 മെഡലുകളാണ് കേരളം നേടിയത്. വ്യക്തിഗത ഇനങ്ങളില്‍ സ്വര്‍ണം, വെള്ളി, വെങ്കലം നേടിയവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപയും, ടീമിനങ്ങളില്‍ യഥാക്രമം 1,26,000, 1,02,000, 75,000 രൂപയും, അത്ലറ്റിക്സ് റിലേ ഇനങ്ങളില്‍ യഥാക്രമം 50,000, 40,000, 30,000 രൂപയുമാണ് നല്‍കിയത്. ആകെ 191 പേര്‍ (സ്വര്‍ണം- 35, വെള്ളി- 68, വെങ്കലം- 88) പാരിതോഷികത്തിന് അര്‍ഹരായി.

കണ്ണൂരില്‍ നടന്ന 63–ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 1, 2, 3 സ്ഥാനങ്ങള്‍ നേടിയ മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം, കെഎച്ച്എസ് കുമരംപുത്തൂര്‍, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് പുല്ലൂരാംപാറ എന്നീ സ്‌കൂളുകള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതവും വ്യക്തിഗത ചാമ്പ്യന്മാര്‍ക്ക് 10,000- രൂപ വീതവും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News