പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോവും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി ഭാവനാപൂർണമായ പദ്ധതികളുമായി ലോക കേരളസഭ മുന്നോട്ടുപോകുമെന്നും രണ്ടുവർഷം കൊണ്ട് കേരളത്തിലുള്ളവരുടെയും പ്രവാസി സമൂഹത്തിന്റെയും ഇടയിലുള്ള ഉറ്റ ബന്ധമായി ലോക കേരളസഭ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി സമൂഹത്തിന്റെ വിഭവശേഷിമുതൽ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളർച്ചയ്ക്കും വികാസത്തിനും മുതൽക്കൂട്ടാവുന്നതാണു കണ്ടത്.

ലോക കേരളസഭ പ്രാവർത്തിക തലത്തിൽ യാഥാർത്ഥ്യമാക്കുവാനാണ്‌ ലോക കേരളസഭാ സെക്രട്ടറിയറ്റ് രൂപീകരിച്ചത്‌.

പത്തംഗ സെക്രട്ടറിയറ്റിന്‌ കൃത്യമായി ഇടപെടാൻ കഴിയുന്നുണ്ട്‌. കേരള വികസന ഫണ്ട്, പ്രവാസി നിക്ഷേപം, സുരക്ഷ, പുനരധിവാസം-വരുമാന സാധ്യത, സ്ത്രീ പ്രവാസിക്ഷേമം, പ്രവാസി സാംസ്‌കാരിക വിനിമയം, ഇന്ത്യയ്ക്കകത്തുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊക്കെ നിർദേശങ്ങൾ മുമ്പോട്ടുവെയ്ക്കാനും കഴിയുന്നു.

വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും സർക്കാർ കാണുന്നത്. മന്ത്രിമാർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തീരുമാനങ്ങൾ സർക്കാരും തദ്ദേശ സമിതികളും നടപ്പാക്കുക തന്നെ ചെയ്യും.

കഷ്ടതകളനുഭവിക്കുന്ന മലയാളികൾക്കായി ഒരു ഫണ്ട് രൂപീകരിക്കുക എന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

ധനശേഷിയുള്ള പ്രവാസികളുടെ സഹായം, പ്രവാസി കമ്പനികളുടെ സി എസ് ആർ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്താൻ കഴിയണം.

ലോക കേരളസഭ പ്രവാസികളുടെ വിഭവങ്ങൾ കൈക്കലാക്കാനുള്ള എന്തോ നിഗൂഢ സംവിധാനമാണെന്ന മട്ടിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. അവരോടാണ്‌ നേട്ടങ്ങൾ ചൂണ്ടികാട്ടുന്നത്‌.

ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരികരിച്ചതും പ്രവാസി നിക്ഷേപ കമ്പനിക്കനുബന്ധമായി പ്രവാസി നിർമാണ കമ്പനി, പ്രവാസി വനിതകൾക്കായുള്ള വനിതാ സെൽ, പ്രവാസി ഫെസിലിറ്റേഷൻ സെന്റർ,

ഫ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്റർ, നൈപുണ്യ വികസനത്തിനായുള്ള ഹൈപവർ കമ്മിറ്റി നവീകരിക്കൽ, ആതിഥേയ രാജ്യങ്ങളിലെ ഭാഷ പഠിപ്പിക്കുന്ന കേന്ദ്രങ്ങൾ തുറക്കൽ, അന്താരാഷ്ട്ര കുടിയേറ്റ കേന്ദ്രത്തിന്റെ രൂപീകരണത്തിനായുള്ള നടപടി, പ്രവാസി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങാനുള്ള തീരുമാനം എന്നിവയൊക്കെ നേട്ടങ്ങളായി എടുത്തുപറയാം.

ലോക കേരളസഭയുടെ രണ്ടു സമ്മേളനങ്ങൾക്കിടയിലായി രണ്ടു വലിയ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ചവരാണു നാം.ആ കൊടിയ ദു:ഖത്തിൽ ആളും അർത്ഥവുമായി കേരളത്തിനൊപ്പം നിന്നു ലോക കേരളസഭയും ലോക മലയാളി പ്രവാസിസമൂഹവും.

കേരള പുനർനിർമാണ പ്രക്രിയയിലാണ് നാം. പഴയപടി പുനർനിർമിക്കലല്ല, മറിച്ച് ഇനി ഒരു ദുരന്തത്തിനും തകർക്കാനാവാത്ത ഒരു പുതു കേരളത്തെ സൃഷ്ടിച്ചെടുക്കലാണ്. ആ പ്രക്രിയയോടുള്ള നിങ്ങളുടെ സഹകരണം ഇനിയും തുടരുമെന്ന്‌ കരുതുന്നു.

പ്രവാസി പണം ക്രിയാത്മകമായും വികസനപരമായും ഉപയോഗിക്കാൻ സർക്കാർ ഗ്യാരന്റിയോടെയുള്ള പദ്ധതികളുടെയും സംവിധാനങ്ങളുടെയും അഭാവമുണ്ടായിരുന്നു. പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമാണ കമ്പനി, പ്രവാസി ചിട്ടി തുടങ്ങിയവയൊക്കെ പുതിയ സാധ്യതകൾ തുറക്കുകയാണ്.

നമ്മുടെ ഏറ്റവും വലിയ ആതിഥേയ സ്ഥാനം ഗൾഫ് നാടുകളാണ്. അവിടുത്തെ എണ്ണ ഉൽപാദനം, എണ്ണ വില, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ അവിടങ്ങളിലെ പ്രവാസി ജീവിതത്തെ എങ്ങനെ ഇനിയുള്ള കാലം ബാധിക്കും എന്ന ഉൽക്കണ്ഠ നമുക്കുണ്ട്.

വിസാ നിയന്ത്രണങ്ങൾ പോലുള്ളവ സംബന്ധിച്ച ആശങ്കകളുമുണ്ട്.കുടിയേറ്റത്തിലെ മാറുന്ന പ്രവണതകൾ മനസ്സിലാക്കി വേണം കാര്യങ്ങൾ നീക്കാൻ. കേരളം.ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റത്തിൽ കുറവുവരുന്നു എന്നത് യാഥാർത്ഥ്യമാണ്. അവിടങ്ങളിലെ സ്വദേശിവൽക്കരണം ഒരു കാരണമാണ്.

കേരള റീബിൽഡ്, വികസന കോൺക്ലേവ്, അസെൻഡ്, പ്രവാസി ചിട്ടി, എൻആർഐ ഇൻവെസ്റ്റ്‌മെന്റ് കമ്പനി, മസാലാ ബോണ്ട് എന്നിങ്ങനെ പദ്ധതികളുമായി കേരളം മുമ്പോട്ടുപോകുമ്പോൾ, അതിലൊക്കെ പ്രവാസി സമൂഹത്തിനു സഹകരിക്കാവുന്ന മേഖലകളുണ്ട്.

വിദേശ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയായ നോർക്ക റൂട്ട്‌സ് സേവനം ഏറ്റവും എളുപ്പത്തിൽ ലഭ്യമാവും എന്നുറപ്പിക്കാനാണ് പ്രവാസി ഐഡി കാർഡ് സംവിധാനം ഏർപ്പെടുത്തിയത്.

ഗൾഫ് നാടുകളിലും മറ്റും വിഷമാവസ്ഥയിൽ പെടുന്നവരെക്കുറിച്ച് ഗവൺമെന്റിന് വലിയ കരുതലുണ്ട്. ആ കരുതലാണ് ഷാർജാ സുൽത്താനുമായുള്ള ചർച്ചയിലൂടെ തടവിൽ നിന്നു 149 പേരെ വിട്ടയക്കുന്ന മനുഷ്യത്വപൂർണമായ തലത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്.

തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ്. പ്രവാസി സമൂഹത്തിന്റെയും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഓഹരികളോടെയുള്ള ഒരു കൺസോർഷ്യം ആലോചിക്കാവുന്നതാണ്.

ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.കേന്ദ്രം ചടങ്ങുകളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുന്നതല്ലാതെ പ്രവാസിക്ഷേമത്തിന് ഒരു പദ്ധതിയും പ്രഖ്യാപിക്കുന്നില്ല.

പ്രവാസി ചിട്ടി, ഡിവിഡന്റ് ബോണ്ട് തുടങ്ങിയ ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ അവസരങ്ങളിലേക്ക് പ്രവാസികളെ എത്തിക്കാൻ കഴിയണം.

ഇപ്പോൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസി നിക്ഷേപ കമ്പനിയും അവസരങ്ങൾ തുറന്നുതരുന്നുണ്ട്. നേരിട്ടുള്ള നിക്ഷേപ അവസരങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിലേക്കൊക്കെ പ്രാപ്തിയുള്ളവരെ ആകർഷിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News