ബാറ്ററി ഗോഡൗണിൽ തീപിടിത്തം; അഗ്നിശമന സേനാംഗം മരിച്ചു; 14 പേർക്ക്‌ പരിക്ക്

ഡൽഹിയിൽ തീപിടിച്ച ബാറ്ററി ഗോഡൗൺ കെട്ടിടം തകർന്നുവീണ്‌ അഗ്നിശമന സേനാംഗം മരിച്ചു. വടക്കുപടിഞ്ഞാറൽ ഡൽഹിയിലെ പീരഗഡിയിലുണ്ടായ അപകടത്തിൽ 14 പേർക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്‌. ഫയർമാൻ അമിത്‌ ബല്യാൻ (27)ആണ്‌ മരിച്ചത്‌.

തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ ആറ്‌ മണിക്കൂറിനുശേഷമാണ്‌ അമിതിനെ പുറത്തെടുത്തത്‌. കെട്ടിടത്തിൽ കുടുങ്ങിയ എല്ലാ അഗ്‌നിശമന സേനാംഗങ്ങളെയും തൊഴിലാളികളെയും പുറത്തെടുത്തതായി അഗ്‌നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

വ്യാഴാഴ്‌ച പുലർച്ചെ നാലരയോടെയാണ്‌ തീപിടിച്ചത്‌. തീയണയ്‌ക്കുന്നതിനിടെ ഗോഡൗണിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചു. ഇതോടെ രണ്ടുനില കെട്ടിടം തകർന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന്‌ ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു.
വടക്കൻ ഡൽഹിയിൽ ബാഗ്‌ നിർമാണ ഫാക്ടറിയിൽ ഡിസംബർ എട്ടിനുണ്ടായ തീപിടിത്തത്തിൽ 43 തൊഴിലാളികൾ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here