പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്‌ത് ഗവർണർ; വെല്ലുവിളിച്ചത്‌ സ്‌പീക്കറുടെ അധികാരത്തെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ സാധുത ചോദ്യം ചെയ്‌ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ ഇടപെടൽ കൂടുതൽ വിവാദത്തിലേക്ക്‌. സഭയുടെ അധികാരത്തിൽ ഗവർണർ കടന്നുകയറിയെന്ന്‌ നിയമവിദഗ്‌ധർ നിരീക്ഷിച്ചു. നിയമസഭയുടെ പ്രമേയത്തിന്‌ ഭരണഘടനാ സാധുതയോ നിയമ പ്രാബല്യമോ ഇല്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം. ചരിത്ര കോൺഗ്രസാകും പ്രമേയം പാസാക്കാൻ ഉപദേശം നൽകിയതെന്നും അദ്ദേഹം പരിഹസിച്ചു.

എന്നാൽ ഭരണഘടനാ ഭേദഗതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം ചർച്ച ചെയ്യാനും അംഗീകരിക്കാനും നിയമസഭയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടി. അതിനെ ചോദ്യം ചെയ്‌താണ്‌ ഗവർണർ വ്യാഴാഴ്‌ചയും രംഗത്തുവന്നത്‌. നിയമസഭയുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന്‌ അനുശാസിക്കുന്ന ചട്ടപ്രകാരം ഏത്‌ നടപടിക്കും അനുമതി നൽകാനുള്ള അധികാരം സ്‌പീക്കർക്കാണ്‌. സ്‌പീക്കറുടെ തീരുമാനത്തെയാണ്‌ ഇവിടെ ഗവർണർ ചോദ്യം ചെയ്‌തത്‌.

ഭരണഘടനാ വിരുദ്ധമായ കാര്യം സഭയിൽ നടക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക മാത്രമാണ്‌ ഗവർണറുടെ ചുമതല. നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക്‌ നിരക്കാത്തതാണോയെന്ന്‌ പരിശോധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌ സുപ്രീംകോടതിയാണ്‌.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അറുപതിൽപ്പരം ഹർജി ഇപ്പോൾത്തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്‌. പാർലമെന്റ്‌ പാസാക്കിയതല്ലാതെ ഇതുവരെ നിയമ ഭേദഗതി സംബന്ധിച്ച്‌ വിജ്ഞാപനം വന്നിട്ടില്ല. ഈ പശ്ചാത്തലത്തിൽ കേരള നിയമസഭയുടെ പ്രമേയം ചട്ടലംഘനമാണെന്ന ഗവർണറുടെ വാദം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്‌.

നിയമസഭ പാസാക്കിയ ഒരു ബിൽ അനുമതിക്കായി സമർപ്പിക്കുമ്പോൾ മാത്രമാണ്‌ അഭിപ്രായം പറയാൻ ഗവർണർക്ക്‌ അധികാരം. സർക്കാർ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നതിന്‌ സഭാചട്ടം അനുസരിച്ചാണ്‌ സ്‌പീക്കർ അനുമതി നൽകിയത്‌. ഭരണ–-പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പിന്തുണച്ചു. ഇതിനെതിരായ ഗവർണറുടെ വിമർശം സ്‌പീക്കറുടെ പരമാധികാരത്തിലുള്ള കൈകടത്തലാണ്‌. നിയമസഭയുടെ പരമാധികാരി സ്‌പീക്കർ ആണെന്നിരിക്കെ ആ പദവിയെ ചോദ്യംചെയ്യുന്നത്‌ സഭയോടുള്ള അവഹേളനമാണെന്ന്‌ നിയമവൃത്തങ്ങൾ പറയുന്നു.

രാജ്യാന്തരവിഷയങ്ങളിലും ഭരണഘടനാ ഭേദഗതിക്കെതിരെയും പ്രമേയം പാസാക്കിയ ചരിത്രം മുമ്പുതന്നെ കേരള നിയമസഭയ്‌ക്കുണ്ട്‌. ബംഗ്ലാദേശിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്‌ പിന്തുണ നൽകി 1971ൽ കേരള നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കി.

2006ൽ സഹകരണ സംഘങ്ങൾക്ക്‌ നികുതി ചുമത്തിയ ആദായ നികുതി നിയമത്തിൽ വരുത്തിയ ഭേദഗതി പിൻവലിക്കണമെന്നും നിയമസഭ ഏകകണ്‌ഠമായി ആവശ്യപ്പെട്ടു. സംവരണ മേൽത്തട്ട്‌ നിർണയം സംബന്ധിച്ച വിഷയത്തിലുൾപ്പെടെ നിരവധി ഭരണഘടനാ ഭേദഗതികൾക്കെതിരെ നിയമസഭ മുമ്പ്‌ പ്രമേയം പാസാക്കിയിട്ടുണ്ട്‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here