അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍; യുദ്ധത്തിന് സാധ്യതയെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍; അസംസ്‌കൃത എണ്ണ വില കുതിച്ചുയരുന്നു

ടെഹ്റാന്‍: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ അടക്കമുള്ള ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ മുന്‍ കമാന്‍ഡറായിരുന്ന മുഹ്സിന്‍ റിസായി.

രക്തസാക്ഷികളാക്കപ്പെട്ട സഹോദരന്മാരുടെ കൂട്ടത്തിലാണ് സൊലേമാനിയെന്നും റിസായി ട്വീറ്റ് ചെയ്തു. അതേസമയം, ഈ സംഭവം യുദ്ധത്തിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണം അമേരിക്കന്‍-ഇറാന്‍ സര്‍ക്കാരുകള്‍ക്കിടയിലെ നയതന്ത്ര ബന്ധത്തിന് കാര്യമായ വിള്ളലുകളുണ്ടാക്കിയേക്കും. യുദ്ധഭീഷണി ഉയര്‍ന്നതോടെ അസംസ്‌കൃത എണ്ണ വിലയും കുതിച്ചുയര്‍ന്നു. മൂന്നു ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനില്‍ നിന്നുള്ള കമാന്‍ഡര്‍ കാസ്സെം സൊലേമാനി അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് തലവനാണ് കാസ്സെം സൊലേമാനി.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. കമാന്‍ഡറും സംഘവും വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്. എംബസി ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇറാഖില്‍ സന്ദള്‍ശനത്തിന് എത്തിയതായിരുന്നു കാസ്സെം സൊലേമാനി.

ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മെഹ്ദി അല്‍ മുഹന്ദിസ് അടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൊലേമാനിക്കെതിരായ ആക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News