പൗരത്വ നിയമ ഭേദഗതി: പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്; നിയമത്തിനെതിരായ കേരളത്തിന്റെ പ്രമേയത്തെ പിന്‍തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടി പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്.

ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം.

ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതൽ ശക്തിയാർജ്ജിക്കും എന്ന വിശ്വാസം മുഖ്യമന്ത്രി കത്തിൽ ഊന്നിപ്പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററിനെ (എൻ സി ആർ) ക്കുറിച്ചാണ് കടുത്ത ആശങ്ക ഉയർന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ പി ആർ) പ്രവർത്തനങ്ങൾ കേരളത്തിൽ നിർത്തി വെച്ചു.

പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബർ 31 ന് പാസാക്കിയിട്ടുണ്ട്.

അതിലേക്കു ശ്രദ്ധ ക്ഷണിച്ച മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന് വിശദീകരിച്ചു.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം എന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങൾ സമാനമായ നടപടികളിലേക്കു നീങ്ങുന്നത് പരിഗണിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യാശ പ്രകടിപ്പിച്ചു.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ,
പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

കേരളത്തിന്റെ പ്രമേയത്തെ പിന്‍തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം എന്ന കേരള നിയമസഭയുടെ പ്രമേയത്തെ പിന്തുണച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

കേരള നിയമസഭാ പൗരത്വ നിയമം അല്ല പാസാക്കിയത്. മറിച്ച് നിയമ ഭേദഗതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ആണ് പാസാക്കിയത്.

അത് നിയമപരമാണ്. കേരളത്തിലെ ജനപ്രതിനിധികൾ നിർവഹിച്ചത് അവരുടെ ഭരണഘടനാ ബാധ്യത. പ്രമേയം അവർ പ്രതിനിധീകരിക്കുന്ന ജനങ്ങളുടെ ശബ്ദം ആണെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന് നൽകിയ തുറന്ന കത്തിൽ പറയുന്നു.

കേരളത്തെ കുറ്റപ്പെടുത്തിയുള്ള രവിശങ്കർ പ്രസാദിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് അമരീന്ദർ സിംഗ് നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News