മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

പാലക്കാട് മണലി ബൈപ്പാസില്‍ മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

കവര്‍ച്ചക്കു ശേഷം ആലപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. മണ്ണഞ്ചേരിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് ഗുണ്ടാ സംഘത്തിലുള്‍പ്പെട്ട സിനാന്‍, ശ്രീക്കുട്ടന്‍, പ്രവീണ്‍, അബ്ദുള്‍ ഖാദര്‍, അജ്മല്‍, അന്‍സാരി, മുഹമ്മദ് റഫീഖ്, നസറുദ്ധീന്‍, ലൈജു, സുരേഷ് എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്.

ഡിസംബര്‍ 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പണവുമായി പോവുകയായിരുന്ന അങ്ങാടിപുറം സ്വദേശി മുഹമ്മദ് ബഷീറിന്റെ ആഢംബര കാര്‍ തടഞ്ഞ് 60 ലക്ഷം രൂപയും കാറും കവരുകയായിരുന്നു. കാറില്‍ പിന്തുടര്‍ന്ന ശേഷം മണലി ബൈപ്പാസില്‍ വെച്ച് ലോറി കുറുകെ നിര്‍ത്തി മുഹമ്മദ് ബഷീറിനെയും കൂട്ടാളിയേയും ആക്രമിച്ച ശേഷമായിരുന്നു കവര്‍ച്ച. ഇവര്‍ നല്‍കിയ പരാതിയില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പ്രതികളെത്തിയ കാറും, കവര്‍ന്ന കാറും കണ്ടെത്താനായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ആലപ്പുഴ സ്വദേശികളായ പ്രതികളിലേക്ക് അന്വേഷണമെത്തിയത്.

കവര്‍ന്ന പണം ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ പേര്‍ കവര്‍ച്ചയ്ക്ക് പിന്നിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടു പോകുന്നതെന്നാണ് മുഹമ്മദ് ബഷീര്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പരാതിക്കാരും പ്രതികളും കുഴല്‍ പണ സംഘത്തിലുള്‍പ്പെട്ടവരാണോ എന്ന് സംശയമുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും കുഴല്‍ പണ സംഘം ഇതിന് പിന്നിലുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News