കര്‍ഷകത്തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭം മേയില്‍ സംഘടിപ്പിക്കാന്‍ തീരുമാനം

കര്‍ഷകത്തൊഴിലാളികളുടെ പ്രശ്ങ്ങള്‍ ഏറ്റെടുത്ത് മേയില്‍ യോജിച്ച ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഒമ്പതാം അഖിലേന്ത്യാ സമ്മേളനം തീരുമാനിച്ചു. ഇതിന് മുന്നോടിയായി പുരോഗമന പ്രസ്ഥാനങ്ങളുടെയടക്കം പിന്തുണയോടെ വിശാലമായ സമരത്തിന് കളമൊരുക്കും. പട്ടിക വിഭാഗങ്ങളുടെയും സ്ത്രീ തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതായിരിക്കും പ്രക്ഷോഭമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ പ്രസിഡന്റ് എ വിജയരാഘവനും ജനറല്‍ സെക്രട്ടറി ബി വെങ്കട്ടും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യൂണിയന്‍ നേതൃത്വത്തില്‍ രാജ്യത്തെ 50,000 ദളിത് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പട്ടികജാതി കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രക്ഷോഭത്തിന് രൂപം നല്‍കുകയും ചെയ്യും. പട്ടികജാതി വിഭാഗത്തിനെതിരെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമ്മേളനത്തില്‍ വലിയചര്‍ച്ചയായി. രാജ്യത്ത് പാസാക്കിയ നിയമങ്ങളില്‍ നടപ്പാവാത്തതില്‍പ്പെട്ടതാണ് ഭക്ഷ്യസുരക്ഷാ നിയമം. ഭക്ഷ്യസുരക്ഷ പേരില്‍ മാത്രമാണ്. കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമപെന്‍ഷന്‍ ചുരുങ്ങിയത് 3000 രൂപയാക്കണം. പടിപടിയായി അത് 5000 രൂപയായി ഉയര്‍ത്തണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ഷം 250 ദിവസമാക്കണം. തൊഴിലുറപ്പ് തൊഴിലാളിക്ക് മിനിമം കൂലി നല്‍കണം.

ഗ്രാമീണ ജനതയില്‍ 40 ശതമാനം ഭൂരിരഹിതരോ, ഭവനരഹിതരോ ആണ്. ഭൂമിയില്ലാത്തവരുടെയും വീടില്ലാത്തവരുടെയും ദേശീയ പ്രക്ഷോഭം തുടങ്ങും. കര്‍ഷകത്തൊഴിലാളികളില്‍ 70 ശതമാനം സ്ത്രീകളാണ്. അവര്‍ക്ക് വേതനം വളരെ കുറവാണ്. ഇതിന് പുറമെ ഗ്രാമീണ ജന്മിമാരുടെ അതിക്രമത്തിനും സ്ത്രീകള്‍ ഇരയാവുന്നുണ്ട്. ആദിവാസി- ദളിത് സ്ത്രീകളാണ് കൂടുതലും അക്രമത്തിന് വിധേയമാവുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കാനാണ് ദളിത് കോളനികളടക്കമുള്ള ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നത്.

തെലങ്കാനയിലും മറ്റും ആയിരക്കണക്കിന് കര്‍ഷകര്‍ സ്വകാര്യ- സ്വാശ്രയ ലോബികളുടെ വായ്പയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നല്‍കണം. എന്നാല്‍ ദേശസാല്‍കൃത ബാങ്കുകള്‍ സാധാരണ കര്‍ഷകര്‍ക്കും മറ്റുമുളള വായ്പകള്‍ നിര്‍ത്തലാക്കി കോര്‍പ്പറേറ്റ് കൃഷിക്കാര്‍ക്ക് മാത്രം ലോണ്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചിരിക്കയാണ്. എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു. യൂണിയന്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം വി ഗോവിന്ദന്‍, സുനീത് ചോപ്ര എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News