പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് മൂന്നുമാസത്തിനകം ; കേരളത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആഗോള ഹാക്കത്തണ്‍ സംഘടിപ്പിക്കും : മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ വര്‍ഷം ആഗോള ഹാക്കത്തണ്‍ (ആഗോള ആശയക്കൂട്ടായ്മ) സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തിന്റെ സാധ്യതകള്‍, പ്രശ്‌നങ്ങള്‍, പരിഹാരസാധ്യതകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാകും ആശയക്കൂട്ടായ്മയെന്ന് ലോക കേരളസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഇവരുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിന് ഉപയോഗിക്കും. ഓരോ മേഖലയ്ക്കും പ്രത്യേകം സമ്മേളനം സംഘടിപ്പിക്കാനാകുമോ എന്നതും പരിശോധിക്കും. ഇതിന് അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലെ ലോക കേരളസഭാംഗങ്ങള്‍ അതത് മേഖലകളില്‍ മുന്‍കൈയെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ആഗോള പ്രവാസി രജിസ്റ്റര്‍ തയ്യാറാക്കും. വിമാനത്താവളങ്ങള്‍ വഴിയുള്ള വിവരശേഖരണം അടക്കം പരിശോധിക്കും. യുവജനങ്ങളുടെ നേതൃപരമായ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലോകനിലവാരത്തിലുള്ള യൂത്ത് ലീഡര്‍ഷിപ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കും. ഇത് പ്രവാസികള്‍ സ്ഥാപിച്ചുതരുമെന്നാണ് പ്രതീക്ഷ. സഹകരിക്കാന്‍ പ്രവാസികള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി എന്ന നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികളുമായും വിദഗ്ധരുമായും ചര്‍ച്ച ചെയ്ത് മൂന്നുമാസത്തിനകം വ്യക്തമായ തീരുമാനത്തിലെത്തും. രണ്ട് പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഒറ്റത്തവണ പ്രീമിയത്തില്‍ ഗുരുതര രോഗങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങളില്‍നിന്ന് ജീവനും ആസ്തിക്കും സംരക്ഷണത്തിനുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ പരിഗണനയിലുണ്ട്. പ്രവാസികള്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളിലും നിര്‍ദേശങ്ങളിലും സര്‍ക്കാരിന്റെ കൃത്യമായ തുടര്‍നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ സമാപന സമ്മേളനത്തിനുശേഷം ബോസ് കൃഷ്ണമാചാരി ഉള്‍പ്പെടെയുള്ള പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ആശയവിനിമയം നടത്തുന്നു.

ലോക കേരളസഭയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയ താല്‍പ്പര്യത്തിനും രാഷ്ട്രീയ മുദ്രാവക്യത്തിനുംവേണ്ടി ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന പ്രതിപക്ഷ നേതാവിന്റെയും സഹപ്രവര്‍ത്തകരുടെയും നിലപാട് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. ലോക കേരളസഭയുടെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരും ഒത്തുചേര്‍ന്നാല്‍ അത്രയും ബലം കൂടുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍. ഇനി അത്തരത്തിലല്ലെങ്കിലും കാര്യങ്ങള്‍ നടന്നുപോകും. കേരളത്തിലെ പ്രവാസികളുടെ പ്രശ്നങ്ങള്‍ കക്ഷി ഭേദമെന്യേ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമാകണമെന്ന കാഴ്ചപ്പാടിലാണ് രണ്ടാം സമ്മേളനത്തിനുള്ള ഒരുക്കം ആരംഭിച്ചത്. ലോക കേരളസഭയുടെ വൈസ് ചെയര്‍മാന്‍സ്ഥാനം രാജിവയ്ക്കുന്നതായുള്ള വിവരം 2019 ജൂണ്‍ 24ന് പ്രതിപക്ഷ നേതാവ് തന്നെ കത്തിലൂടെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രതിപക്ഷ നേതാവിന്റെ വ്യക്തിപരമായ തീരുമാനമായിമാത്രം ഒതുങ്ങിയില്ല. പ്രതിപക്ഷ നേതാവ് തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്ന് സ്പീക്കറുള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ഥിച്ചു. യുഡിഎഫിലെ വിവിധ കക്ഷിനേതാക്കളോടും സംസാരിച്ചു. എന്നാല്‍, നിലപാടില്‍ മാറ്റമുണ്ടായില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് നിയമസഭയിലും പരസ്യമായി അഭ്യര്‍ഥിച്ചു. ഇത് ഉത്തരവാദിത്തത്തില്‍നിന്നും പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പുകളില്‍നിന്നുമുള്ള പിന്മാറ്റമാണെന്നും നിയമസഭയില്‍ ഒര്‍മിപ്പിച്ചു.

ലോക കേരളസഭ രണ്ടാം സമ്മേളനം അടുത്തുവരുന്ന ഘട്ടത്തില്‍ നവംബര്‍ 11ന് പ്രതിപക്ഷ നേതാവിന് വ്യക്തിപരമായി കത്തയച്ചു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതും പ്രകടിപ്പിക്കാനുള്ള വിശാല ജനാധിപത്യവേദിയാണ് ലോക കേരളസഭ. അതിനാല്‍, പ്രതിപക്ഷ നേതാവും സഹപ്രവര്‍ത്തകരും സഭാ സമ്മേളനത്തില്‍ നേതൃപരമായ ഇടപെടലും സജീവ പങ്കാളിത്തവും ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നിട്ടും നിലപാടില്‍ മാറ്റമുണ്ടായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നത് പ്രവാസികള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here