കാറിടിച്ചു പരിക്കേറ്റ കുഞ്ഞിനെയും അമ്മയെയും വഴിയില്‍ ഇറക്കിവിട്ട വാഹന ഉടമ കസ്റ്റഡിയില്‍; പിടിയിലായത് കുഞ്ഞിന്റെ പിതാവ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച പോസ്റ്റിനെ തുടര്‍ന്ന്

സ്വന്തം കാറിടിച്ചു സാരമായി പരിക്കേറ്റ രണ്ടുവയസ്സുകാരനെയും അമ്മയെയും ആശുപത്രിയിലാക്കാതെ വഴിലിറക്കി വിട്ട സംഭവത്തില്‍ കാറുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് കുഞ്ഞിന്റെ പിതാവ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച പോസ്റ്റിനെ തുടര്‍ന്ന്.കൊട്ടാരക്കര സദാനന്ദപുരത്ത് കിഴക്കേവിള വീട്ടില്‍ സജി മാത്യുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബര്‍ 28 ന് വൈകിട്ടു ശ്രീകാര്യത്തായിരുന്നു അപകടം. ചെമ്പഴന്തി അണിയൂര്‍ ഭദ്രാനഗറില്‍ അരവിന്ദ് സുധാകരന്റ ഭാര്യ രേഷ്മ(27), മകന്‍ ആരുഷ്(രണ്ട്) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഡിസംബര്‍ 28 ന് മകനുമൊത്തു രേഷ്മ സ്‌കൂട്ടറില്‍ വരുമ്പോള്‍ സജി ഓടിച്ച കാര്‍ ഇടിച്ച് ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ആരുഷിന് മുഖത്ത് സാരമായ പരിക്കേറ്റു. രേഷ്മയുടെ കാലിനും പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാതെ സജി പോകാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടു കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ സജി വളരെ സാവധാനം വാഹനമോടിക്കുകയും വേഗത്തില്‍ വിടാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ ക്ഷുഭിതനായി വഴിയില്‍ ഇറക്കി വിട്ടെന്നുമാണ് യുവതി പരാതിപ്പെടുന്നത്. തുടര്‍ന്ന് ഓട്ടോറിക്ഷ പിടിച്ചാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.മുഖത്ത് സാരമായി പരിക്കേറ്റ കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവന്നു.

മുംബൈയില്‍ ഗോദ്റെജില്‍ ഉദ്യോഗസ്ഥനായ അരവിന്ദ് നാട്ടിലെത്തി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് വാഹന ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്, ഇടിച്ച കാറിന്റെ നമ്പറും പരുക്കേറ്റ കുഞ്ഞിന്റെ  ചിത്രങ്ങളും സഹിതം അരവിന്ദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു. കാര്‍ കസ്റ്റഡിയില്‍ എടുക്കാനും, ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും മനുഷ്യാവകാശ കമ്മീഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെ കാറുടമയ്ക്കെതിരെ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു. കേസില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കുഞ്ഞിന്റെ അമ്മയെ സ്റ്റേഷനില്‍ വരുത്തുന്നതിന് പകരം വീട്ടില്‍ പോയി മൊഴി എടുക്കുവാനും കുറ്റാരോപിതനെ ഐഡന്റിഫിക്കേഷന്‍ നടത്തി കര്‍ശന നടപടി എടുക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News