ബിന്‍ ലാദനോ, ബാഗ്ദാദിയോ അല്ല ഖാസിം സുലൈമാനി; അമേരിക്ക നേരിടാന്‍ പോകുന്നത് വന്‍തിരിച്ചടി; യുദ്ധഭീതി, ആശങ്കയില്‍ ലോകം

അമേരിക്ക ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതോടെ മധ്യപൗരസ്ത്യദേശത്ത് വീണ്ടും യുദ്ധഭീതി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ബിന്‍ ലാദനെയോ ബാഗ്ദാദിയെയോ കൊലപ്പെടുത്തിയതു പോലെയാകില്ല സുലൈമാനി വധമെന്നും സംഭവത്തോടെ അമേരിക്ക ഏറ്റവും മാരകമായ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നും പ്രതിരോധവിദഗ്ധര്‍ വിലയിരുത്തുന്നു.

ബിന്‍ ലാദനെയും ബഗ്ദാദിയെയും ഭീകരരായാണ് ലോകം കണ്ടിരുന്നത്. ഇവര്‍ ഒളിവില്‍ കഴിഞ്ഞ രാജ്യങ്ങളും ഇതേ നിലപാടാണ് ഔദ്യോഗികമായി സ്വീകരിച്ചിരുന്നത്. ഇക്കാരണം കൊണ്ട് അമേരിക്കയുടെ നീക്കവും ന്യായീകരിക്കപ്പെട്ടിരുന്നു.

എന്നാല്‍ സുലൈമാനിയുടെ കാര്യത്തില്‍ അതാവില്ല

സൈനികമേധാവി എന്നതിലുപരി മേഖലയിലാകെ ഇറാന്റെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ നേതൃപരമായ പങ്കാണ് ഖാസിം സുലൈമാനിക്കുണ്ടായിരുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യം നിഷേധിച്ചിരുന്ന സുലൈമാനിക്ക് രാജ്യത്ത് വന്‍ ജനപിന്തുണയാണുണ്ടായിരുന്നത്.

ഇറാന്റെ ഷിയ രാഷ്ട്രീയ താല്‍പ്പര്യം പ്രയോഗവല്‍ക്കരിക്കുന്നതിനായി നിരവധി വിദേശരാജ്യങ്ങളും സംഘടനകളുമായി നിരന്തരബന്ധമാണ് സുലൈമാനി സൂക്ഷിച്ചത്. ഇറാഖ്, സിറിയ, ലബനന്‍, യമന്‍, ഒമാന്‍ തുടങ്ങിയ മേഖലയിലെ രാജ്യങ്ങളില്‍ സുലൈമാനിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.

മാത്രമല്ല, സംഭവത്തില്‍ ലോകരാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. യുഎന്‍ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും ഫ്രാന്‍സും ആക്രമണത്തില്‍ ആശങ്ക അറിയിച്ചു.

സൈനിക നടപടികള്‍ എപ്പോഴും അപകടകരമാണെന്ന് ഫ്രഞ്ച് വിദേശ ഉപമന്ത്രി അമേലിയ ഡി മന്ദ്ഷാലിന്‍ പറഞ്ഞു. അമേരിക്കന്‍ നടപടി ഗുരുതര പ്രത്യാഘാതങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് റഷ്യ പ്രതികരിച്ചു. ഇത്തരം നടപടി മധ്യപൗരസ്ത്യദേശത്തെ പുതിയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് റഷ്യന്‍ വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ ആക്രമണം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന പറഞ്ഞു. തങ്ങളുടെ കമാന്‍ഡര്‍ അടക്കം കൊല്ലപ്പെട്ടത് അമേരിക്കന്‍ കടന്നുകയറ്റമാണെന്ന് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പറഞ്ഞു.

അമേരിക്ക ശ്രദ്ധിക്കാന്‍ തുടങ്ങിയത് 2003ല്‍

ഖുദ്സ് സേനാ വിഭാഗത്തിന്റെ തലവനെന്ന നിലയില്‍ സുലൈമാനിയെ അമേരിക്ക ശ്രദ്ധിക്കാന്‍ തുടങ്ങിയത് 2003ലെ ഇറാഖ് അധിനിവേശകാലത്താണ്. കര്‍ബലയില്‍ അഞ്ച് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദി ഖുദ്സ് സേനയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. 2007ല്‍ അമേരിക്ക സുലൈമാനിക്ക് യാത്രാ ഉപരോധം ഏര്‍പ്പെടുത്തി.

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ഒതുക്കുന്നതിനായി പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ സഹായിക്കാനായി സുലൈമാനിയെ നിരവധി തവണ ഇറാന്‍ അവിടേക്ക് അയച്ചിരുന്നു.

നിരവധി തവണ സുലൈമാനി വധിക്കപ്പെട്ടതായി അമേരിക്ക പ്രചരിപ്പിച്ചിരുന്നു. 2006ല്‍ ഇറാനിലും 2012ല്‍ സിറിയയിലെ ദമാസ്‌കസിലും വ്യോമാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടതായി പ്രചരിച്ചിരുന്നു. 2015 നവംബറില്‍ സിറിയയില്‍ കൊല്ലപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്തതായും ഊഹാപോഹമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News