കോട്ട ശിശുമരണം; ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണം; കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

നൂറോളം കുഞ്ഞുങ്ങള്‍ ഒരു മാസത്തിനിടെ മരിച്ച സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ രാജസ്ഥാന്‍ ആരോഗ്യമന്ത്രിക്ക് പരവതാനി വിരിച്ച് സ്വീകരണമൊരുക്കി. രാജസ്ഥാനിലെ കോട്ട ജെ കെ ലോണ്‍ ആശുപത്രിയിലെ ശിശുമരണം ദേശീയ വിഷയമായതോടെയാണ് ആശുപത്രി സന്ദര്‍ശിക്കാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ എത്തിയത്. മന്ത്രിയുടെ സന്ദര്‍ശവിവരം അറിഞ്ഞതോടെ പച്ച പരവതാനി വിരിച്ചായിരുന്നു ആശുപത്രി അധികൃതര്‍ സ്വീകരണമൊരുക്കിയത്.

എന്നാല്‍ പരവതാനി വിരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. തുടര്‍ന്ന് മന്ത്രി എത്തുന്നതിന് തൊട്ടുമുന്‍പായി പരവതാനി നീക്കം ചെയ്‌തു. ആശുപത്രി പരിസരത്തുണ്ടായിരുന്ന തെരുവു പന്നികളെയും നഗരസഭ നീക്കം ചെയ്‌തു.

ശിശുമരണത്തെ ചൊല്ലി അശോക് ഗെഹ്‌‌ലോത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കോട്ട ആശുപത്രിയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മാത്രം ഒന്‍പത് കുഞ്ഞുങ്ങളാണ് മരിച്ചത്. ഡിസംബര്‍ 23, 24 ദിവസങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ 10 കുട്ടികളും മരണപ്പെട്ടു. ഇത്രയും ഉയര്‍ന്ന ശിശുമരണത്തിന് കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നാണ് ആരോപണം.

വിവാദം ശക്തമായതോടെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി ഗെഹ്‌‌‌ലോത്തിനെതിരെ പരോക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത്രയധികം കുട്ടികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക തന്നെ വേണമെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അശോക് ഗെഹ്‌ലോത് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here