മുംബൈയില്‍ മലയാളി സ്ത്രീയുടെ ആത്മഹത്യ മാനസിക പിരിമുറുക്കം മൂലമെന്ന് സംശയം

മുംബൈ ഉപനഗരമായ ഡോംബിവ്ലിക്കടുത്ത് താക്കുര്‍ളിയിലാണ് സംഭവം. ഇന്നലെ രാത്രി താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് ചാടിയാണ് 65 വയസ്സ് പ്രായമുള്ള മലയാളി സ്ത്രീ രുഗ്മിണി പിള്ള ആത്മഹത്യ ചെയ്തത്. കെട്ടിടത്തിന്റെ ടെറസിലെ അര മതിലില്‍ നിന്നാണ് ഇവര്‍ താഴേക്ക് ചാടിയതെന്ന് സംശയിക്കുന്നു. ഉയരമുള്ള അര മതിലില്‍ കയറിയത് ഇഷ്ടിക കൂട്ടി വച്ചായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഡോംബിവ്ലി പോലീസ് സ്റ്റേഷനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരെത്തി കേസ് റെജിസ്റ്റര്‍ ചെയ്തു. പോസ്‌റ്മാര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കാരം നടക്കും.

രോഗിയായ ഭര്‍ത്താവിന് മരുന്ന് വാങ്ങുവാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് രുഗ്മിണി പിള്ള രാത്രി ഏഴു മണിയോടെ പുറത്തേക്ക് ഇറങ്ങിയത്. എന്നാല്‍ പിന്നീട് ഇവരെ ഏകദേശം 8 മണിയോടെ മരിച്ച നിലയില്‍ കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ കണ്ടെത്തുകയായിരുന്നു. ശശിധരന്‍ പിള്ളയാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ടു ആണ്‍ മക്കളാണ്. ഒരാള്‍ വിദേശത്താണ്. രണ്ടാമത്തെ മകന്‍ മുംബൈയില്‍ തന്നെ കുടുംബമായി കഴിയുന്നു. ശശിധരന്‍ പിള്ളയും രുഗ്മിണിയും താക്കുര്‍ളിയിലെക്ക് താമസം മാറിയിട്ട് അധിക നാളായിട്ടില്ല.

പൊതുവെ ആരുമായും ഇവര്‍ക്ക് വലിയ സമ്പര്‍ക്കമില്ലെന്നാണ് പ്രദേശത്തെ മലയാളികള്‍ പറയുന്നത്. മരണപ്പെട്ട രുഗ്മിണി കഴിഞ്ഞ കുറെ നാളുകളായി മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആത്മഹത്യയുടെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ഇവരുടെ കുടുംബത്തിന് നിക്ഷേപത്തിലൂടെ ധനനഷ്ടമുണ്ടായതായും സംസാരമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel