ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇരുനൂറോളം സംഘടന; 30 കോടി പേര്‍ പണിമുടക്കും

ബുധനാഴ്ചത്തെ അഖിലേന്ത്യാ പണിമുടക്കിന് പിന്തുണയുമായി ഇരുനൂറോളം സംഘടനയുടെ പൊതുവേദി. കര്‍ഷക, കര്‍ഷകത്തൊഴിലാളി, വിദ്യാര്‍ഥി, യുവജന, വനിതാ, ദളിത്, ആദിവാസി, പുരോഗമന സംഘടനകളുടെ ഐക്യവേദിയായ ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്ദോളന്‍ (ജെഇജെഎഎ) പണിമുടക്കിന് പിന്തുണ നല്‍കും.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനും എതിരെ നടക്കുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങള്‍ക്ക് അഖിലേന്ത്യാപണിമുടക്ക് ശക്തി പകരും. 30 കോടിയിലധികം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുപണിമുടക്ക് വിജയമാക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ജെഇജെഎഎ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും ഭരണഘടനാമൂല്യങ്ങള്‍ നിഷേധിക്കുന്നതും മതേതര-ജനാധിപത്യ ഘടനയുടെ അടിത്തറ തകര്‍ക്കുന്നതുമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ചരിത്രം കണ്ടിട്ടില്ലാത്ത രീതിയിലുള്ള അടിച്ചമര്‍ത്തല്‍മുറകള്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ നേരിടുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചും പൊതുഗതാഗതം തടസ്സപ്പെടുത്തിയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം സര്‍ക്കാര്‍ റദ്ദാക്കി. സമ്പദ്ഘടനയുടെ തകര്‍ച്ച സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം ജനദ്രോഹനീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നത്.

തൊഴില്‍, മിനിമം കൂലി, സാര്‍വത്രിക പൊതുവിതരണ സംവിധാനം, ആരോഗ്യം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് 10 കേന്ദ്ര ട്രേഡ്യൂണിയനുകളും സ്വതന്ത്ര സംഘടനകളും ആഹ്വാനംചെയ്ത അഖിലേന്ത്യാ പൊതുപണിമുടക്കിന് ജെഇജെഎഎ പൂര്‍ണ പിന്തുണ നല്‍കും. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ കിസാന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും വിദ്യാര്‍ഥി സംഘടനകളുടെ സംയുക്തവേദിയും ഗ്രാമീണബന്ദിനും വിദ്യാഭ്യാസ ബന്ദിനും ആഹ്വാനംചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News