‘ബോറടി മാറ്റാന്‍ ബന്ധപ്പെടൂ,’ഹായ് സ്വീറ്റ്, ഇപ്പോള്‍ സംസാരിക്കാം, ഫ്രീയാണ്’ ; ബിജെപിയുടെ മിസ്ഡ്‌കോള്‍ തട്ടിപ്പ് ഒരേ നമ്പറില്‍ നിന്ന് പലരീതിയില്‍

കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിന്തുണ അറിയിക്കാന്‍ ബിജെപി ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചത്. 8866288662 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കി സിഎഎയ്ക്കു പിന്തുണ പ്രഖ്യാപിക്കാമെന്ന് ജനറല്‍ സെക്രട്ടറി അനില്‍ ജെയിനാണ് അറിയിച്ചത്. തുടര്‍ന്ന് ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഉള്‍പ്പെടെ ബിജെപി നേതാക്കളെല്ലാം ഈ ഫോണ്‍ നമ്പര്‍ ഷെയര്‍ ചെയ്തു. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഈ നമ്പര്‍ ട്വീറ്റായെത്തി.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് താങ്കളുടെ പിന്തുണ നല്‍കാന്‍ ഈ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനായിരുന്നു ആഹ്വാനം. ഹിന്ദിയിലും ഇംഗ്ലിഷിലുമായി നേതാക്കള്‍ ഈ വിവരം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പൗരത്വ നിയമത്തെക്കുറിച്ച് എവിടെയും പരാമര്‍ശിക്കാതെ പല ആവശ്യങ്ങളുടെ പേരില്‍ ഡേറ്റിങ് ചാറ്റിങ് സൈറ്റുകളില്‍ പോലും ഈ ഫോണ്‍ നമ്പര്‍ പ്രചരിപ്പിക്കുകയാണ്. പലതരത്തില്‍ ഈ നമ്പര്‍ പ്രമോട്ട് ചെയ്തുള്ള ക്യാംപെയ്‌നുകളും ശക്തമാണ്. ഇത്തരത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ആളുകളെകൊണ്ട്‌പോലും വളരെ തന്ത്രപൂര്‍വ്വം അതിനെ പിന്തുണയ്പ്പിക്കുന്ന തട്ടിപ്പ് നടത്തുകയാണ് ബിജെപി.

കഴിഞ്ഞ ദിവസം മുരളീകൃഷ്ണന്‍ എന്നയാളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട ഒരു ഓഫര്‍ ഇതിന് ഉദാഹരണമാണ്.’ആറു മാസത്തേക്ക് സൗജന്യമായി നെറ്റ്ഫ്‌ലിക്‌സ് വരിക്കാരാകാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ 8866288662 നമ്പറിലേക്ക് വിളിച്ച് യൂസര്‍ നെയിമും പാസ്വേഡും കരസ്ഥമാക്കൂ’ – ശനിയാഴ്ച മുരളീകൃഷ്ണന്‍ എന്നയാളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ ‘ഓഫര്‍’. ആദ്യം വിളിക്കുന്ന 1000 ആളുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ എന്നും ട്വീറ്റിലുണ്ടായിരുന്നു.

ഇത്തരമൊരു ഓഫറിനെക്കുറിച്ചറിഞ്ഞ് എല്ലാവരും ഞെട്ടിയിരിക്കുമ്പോഴാണ് മുരളീകൃഷ്ണന്റെ ട്വീറ്റ് തട്ടിപ്പാണെന്നു പറഞ്ഞുള്ള നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണമെത്തുന്നത്. നെറ്റ്ഫ്‌ലിക്‌സ് സേവനം സൗജന്യമായി ലഭിക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ, കാശു കൊടുത്ത് വരിക്കാരായിട്ടുള്ള ആരുടെയെങ്കിലും അക്കൗണ്ട് വഴി കയറുവെന്നും,തട്ടിപ്പിന് ഇരയാകരുതെന്നും നെറ്റ്ഫ്‌ലിക്‌സ് വീശദീകരിച്ചു .

എന്നാല്‍ മുരളീകൃഷ്ണന്റെ ട്വീറ്റിന് 22,000ല്‍ അധികം ലൈക്കുകളും മറുപടികളും ലഭിച്ചതായാണ് വ്യക്തമാകുന്നത്. ഇതില്‍ നിന്നും ഇതിനോടകം ഒട്ടേറെ പേര്‍ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നുളളതും വ്യക്തമാണ്.ലഭിച്ച നമ്പറിലേക്ക് വിളിക്കുബോള്‍ നീണ്ട ഒരു ‘റിങ്’ കേട്ടതിനു ശേഷം ഫോണ്‍ കട്ടാവുകയാണ് ചെയ്യുന്നതെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. സമാന രീതിയില്‍ തന്നെയാണ് ബിജെപിയുടെ മിസ്ഡ് കോള്‍ ക്യാംപെയ്‌നും.നീണ്ട ഒരു റിങ്ങിനു ശേഷം ഫോണ്‍ കട്ടായാല്‍ വിളിച്ചയാള്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മിസ്ഡ്‌കോളടിച്ചതായി കണക്കാക്കും.

എന്നാല്‍ 8866288662 എന്ന നമ്പര്‍ ട്വിറ്ററില്‍ തിരഞ്ഞാല്‍ ഇത്തരത്തില്‍ ഒട്ടേറെ ട്വീറ്റുകള്‍ കാണാം. ‘സൗജന്യ സെക്‌സിനു വേണ്ടി വിളിക്കൂ’ എന്ന ട്വീറ്റില്‍ പോലും നമ്പറായി കൊടുത്തിരിക്കുന്നത് ഇതാണ്. കൂടുതലും സ്ത്രീകളുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്നുള്ളവയാണ്. ‘ഹായ് സ്വീറ്റ് ഇപ്പോള്‍ സംസാരിക്കാന്‍ ഫ്രീയാണ്, 8866288662 നമ്പറിലേക്ക് വിളിക്കൂ’, ‘മിസ്ഡ് കോള്‍ അടിച്ചാല്‍ തിരിച്ചുവിളിക്കാം’ എന്നൊക്കെയാണ് ട്വീറ്റുകള്‍ എത്തുന്നത്. നമ്പര്‍ ദുരുപയോഗം ചെയ്യുന്ന കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെ പേരും രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here