ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി. വിഷയത്തില്‍ ട്രംപ് കള്ളമാണ് പറയുന്നതെന്ന് ചെംഗേനി പറഞ്ഞു.
അലി ചെംഗേനിയുടെ വാക്കുകള്‍:
”ട്രംപിന് എന്തും പറയാം. പക്ഷേ ഇതൊരു വലിയ കള്ളമാണ്. ഭീകരവിരുദ്ധ ചര്‍ച്ചകള്‍ക്ക് സിറിയയില്‍ പോയി മടങ്ങുമ്പോഴാണ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത്. അത് മറയ്ക്കാനാണ് ട്രംപിന്റെ ശ്രമം.
ഐസിസ്, ജുബാത്ത് അല്‍ നുസ്ര, അല്‍ ഖായിദ ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ പൊരുതിയ ജനറലാണ് സുലൈമാനി. ഭീകരവിരുദ്ധ പോരാട്ടത്തിന് ഉപദേശം തേടി സിറിയയിലെയും ഇറാക്കിലെയും ഗവണ്‍മെന്റുകള്‍ ക്ഷണിച്ചിട്ടാണ് അദ്ദേഹം പോയത്. അദ്ദേഹത്തെ വധിച്ചവര്‍ ഭീകരരെ സഹായിക്കുകയാണ് ചെയ്തത്.
അമേരിക്കന്‍ പ്രസിഡന്റാണ് വധിക്കാന്‍ ഉത്തരവിട്ടതെങ്കില്‍ അതാണ് ഭീകരപ്രവര്‍ത്തനം. ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്താണ്. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ ഇന്ത്യ അമേരിക്കയെ ഉപദേശിക്കണം.
ഔദ്യോഗിക ക്ഷണപ്രകാരം ഒരു രാജ്യം സന്ദര്‍ശിച്ച ഓഫീസറെ കൊലപ്പെടുത്തിയതിനെ ഇന്ത്യ അപലപിക്കണം. തിരിച്ചടിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. എപ്പോള്‍ എവിടെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും.”

Get real time update about this post categories directly on your device, subscribe now.