ഇറാന്റെ പ്രതികാരം: കനത്ത സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ കനത്ത നഷ്ടമുണ്ടായ ഇറാന്‍ വന്‍ശക്തിയായ അമേരിക്കയോട് എങ്ങനെയാകും പ്രതികാരം ചെയ്യുകയെന്ന് വ്യക്തമായിട്ടില്ലെങ്കിലും ശക്തമായ ഒരു സൈബര്‍ ആക്രമണത്തിന് സാധ്യതയുള്ളതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കനത്ത പ്രതികാരനടപടി ഉണ്ടാകുമെന്ന് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി പ്രതികരിച്ചിരുന്നു. ഇറാന്റെ ഭാഗത്തുനിന്ന് പ്രാഥമികമായി കനത്ത സൈബര്‍ ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിദഗ്ധരുടെ അഭിപ്രായം. ഇതിനുള്ള ശേഷി ഇറാനുണ്ടെന്നാണ് വിലയിരുത്തല്‍.

ആണവകേന്ദ്രങ്ങള്‍ക്കെതിരെ 2010ല്‍ ഉണ്ടായ ‘സ്റ്റക്സ്നെറ്റ്’ കംപ്യൂട്ടര്‍ വൈറസ് ആക്രമണശേഷം സൈബര്‍ യുദ്ധരംഗത്തിന്റെ വികസനത്തിനായി ഇറാന്‍ വന്‍ നിക്ഷേപമാണ് നടത്തിയത്. അമേരിക്കയിലെ ബാങ്കുകള്‍, എണ്ണക്കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ ഉടന്‍ ആക്രമണമുണ്ടാകാനാണ് സാധ്യത. വളരെ പെട്ടെന്ന് ഇത്തരം ആക്രമണത്തിന് ഇറാന് കഴിയുമെന്നും യുദ്ധവിദഗ്ധന്‍ ടോം വാറിക് പറഞ്ഞു.

ഇറാഖില്‍ ഇറാന്റെ ഖുദ്സ് സേനാ നായകന്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വധിച്ച അമേരിക്ക പിന്നീട് നയതന്ത്രമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഇറാന്‍. അമേരിക്കന്‍ ആക്രമണത്തിന് ആനുപാതികമായിരിക്കണം ഇറാന്റെ പ്രതികരണമെന്ന് നിര്‍ദേശിച്ചതായും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് ഉപനായകന്‍ റിയര്‍ അഡ്മിറല്‍ അലി ഫദാവി പറഞ്ഞു. എന്നാല്‍, ഇറാന്റെ പ്രതികരണം എന്തായിരിക്കണമെന്ന് നിശ്ചയിക്കാന്‍ അമേരിക്കയ്ക്കാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രതികാരത്തിന് അമേരിക്ക കാത്തിരിക്കണം.

പ്രതികരണം ഇറാനില്‍നിന്നുമാത്രമായിരിക്കില്ലെന്നും ഫദാവി വ്യക്തമാക്കി. എന്നാല്‍, എങ്ങനെയാണ് അമേരിക്ക ബന്ധപ്പെട്ടതെന്ന് ഫദാവി വെളിപ്പെടുത്തിയില്ല. അതേസമയം, ഇറാനുമായി അമേരിക്കയുടെ നയതന്ത്രകാര്യങ്ങള്‍ നിര്‍വഹിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രതിനിധി അമേരിക്കക്കാരില്‍നിന്ന് വിഡ്ഢിത്തസന്ദേശം കൈമാറിയിട്ടുണ്ടെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സറീഫ് പറഞ്ഞു. സ്വിസ് പ്രതിനിധിയെ വിളിച്ചുവരുത്തി അമേരിക്കയ്ക്ക് ഖണ്ഡിതമായ മറുപടി എഴുതി നല്‍കിയിട്ടുണ്ടെന്നും സറീഫ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News