ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍; യുദ്ധ മുന്നറിയിപ്പുമായി ഇറാനില്‍ ചുവപ്പ് പാതക ഉയര്‍ന്നു; ഇന്ത്യയിലെ യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി

ടെഹ്‌റന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍ സേനാത്തലവന്‍.
അമേരിക്കയ്ക്ക് യുദ്ധത്തിന് ധൈര്യമില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഇതിനിടെ ഇന്ത്യയിലെ യുഎസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി രംഗത്തെത്തി. പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ മനസിലാക്കി ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

അതേസമയം, യുദ്ധ മുന്നറിയിപ്പുമായി, ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പു കൊടി ഉയര്‍ന്നു. അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ സേനാവിഭാഗം മേധാവി ഖാസിം സുലൈമാനിയുടെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങിലാണ് ചുവന്ന കൊടി ഉയര്‍ത്തിയത്.

ഇറാന്‍ പാരമ്പര്യമനുസരിച്ച് യുദ്ധം വരുന്നതിന്റെ സൂചനയാണിതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊടി ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പിന് ശേഷമാണ് കൊടി ഉയര്‍ന്നതെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിയാ പാരമ്പര്യമനുസരിച്ച് അന്യായമായി ചൊരിഞ്ഞ രക്തത്തെ പ്രതീകവല്‍ക്കരിക്കുന്ന ചുവന്ന കൊടികള്‍, പ്രതികാരം ചെയ്യാനുള്ള ആഹ്വാനമായാണ് കണക്കാക്കുന്നത്.

നേരത്തെ ഇറാന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയാല്‍ ഇറാന്റെ 52 സാംസ്‌കാരിക കേന്ദ്രങ്ങള്‍ തിരിച്ചാക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ആക്രമണം അതിവേഗത്തിലും അതിശക്തവുമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here