ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ നടന്ന സംഘപരിവാര്‍ ആക്രമണം പൊലീസിന്റെ പിന്തുണയോടെയെന്ന് വിദ്യാര്‍ഥികള്‍. ഇതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിയ വിദ്യാര്‍ഥികള്‍ ആഹ്വാനം ചെയ്തു.
എബിവിപിക്കാരുടെ അതിക്രമം പൊലീസും സെക്യൂരിറ്റി ഗാര്‍ഡുകളും നോക്കിനില്‍ക്കെയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവ് അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.
ക്യാമ്പസിലെ എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്ന് എത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുമാണ് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചത്. ഫീസ് വര്‍ധനവിനെതിരെ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു സംഘപരിവാറിന്റെ ആക്രമണം. ക്യാമ്പസിന്റെ നാലു ഗേറ്റുകളും പൂട്ടിയിട്ടായിരുന്നു ആക്രമണം. വനിതാ ഹോസ്റ്റലിന്റെ ഉള്ളില്‍ കയറിയുമായിരുന്നു സംഘപരിവാര്‍ ഗുണ്ടായിസം.
ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയും രജിസ്ട്രേഷന്‍ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള സമരത്തിനിടെയാണ് ഇരുമ്പുവടികള്‍ കൊണ്ട് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ ഐഷി ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില വിദ്യാര്‍ത്ഥികള്‍ എയിംസ് ട്രോമ സെന്ററിലാണ്. പ്രൊഫ.വികാസ് ബാജ്പേയി ഇവര്‍ക്കൊപ്പമുണ്ട്. മൂന്ന് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റതായി ജെഎന്‍യു വിദ്യാര്‍ത്ഥിനി അപേക്ഷ പ്രിയദര്‍ശിനി പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച അധ്യാപകരെയും എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതിയുണ്ട്.
Get real time update about this post categories directly on your device, subscribe now.