ഭൂമിയില്‍ സമൂഹമായി ജീവിച്ചു തുടങ്ങിയ മനുഷ്യര്‍ക്കും മുന്നെ കുടുംബമായി ജീവിച്ചു തുടങ്ങിയ ഒരു ജീവി വര്‍ഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. 300 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന പല്ലിവര്‍ഗ്ഗത്തില്‍ പെട്ട ജീവികളാണ് മനുഷ്യര്‍ക്കും മുന്നെ കുടുംബമായി കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് നടത്തിയ പഠനത്തിലാണ് പല്ലി കുടുംബത്തിന്‌റെ രഹസ്യം കണ്ടെത്തിയത്.
കാനഡയിലെ ഒന്റാറിയോയിലെ കാള്‍ട്ടണ്‍ സര്‍വ്വകലാശാലയാണ് പഠനം നടത്തിയത്. ഒരു ചെറിയ ജീവിയുടെ അസ്ഥികൂടത്തെ വാല്‍ കൊണ്ട് മൂടുന്ന പല്ലി വര്‍ഗത്തില്‍ പെട്ട ഒരു ജീവിയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ ഫോസിലിന് ഏതാണ്ട് 300 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. ഫോസിലിലെ ചെറിയ ജീവികള്‍ പല്ലിയുടെ സന്തതികളായിരിക്കാമെന്നും, ഇതിനെ രക്ഷകര്‍ത്താവിന്റെ സംരക്ഷണ മനോഭാവത്തിന്റെ ആദ്യതെളിവായി പരിഗണിക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തി.
ഇന്നത്തെ സസ്തനികളുടേതിന് സമാനമായ പെരുമാറ്റമാണിതെന്നും പഠനത്തില്‍ പറയുന്നു. ഒന്റാറിയോയിലെ കാള്‍ട്ടണ്‍ സര്‍വ്വകലാശാലയിലെ എര്‍ത്ത് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഹിലാരി മാഡിന്‍ നേതൃത്വം നല്‍കിയ പഠനം നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവലൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഗവേഷണം, പണ്ടുമുതലേ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്നു എന്നതിന്റെ തെളിവാണ്, മാഡിന്‍ പറഞ്ഞു.
രക്ഷാകര്‍തൃ പരിചരണത്തിന്റെ പരിണാമം ശാസ്ത്ര ലോകത്തിന് ഇന്നും അജ്ഞാതമായ രഹസ്യമാണ്. സസ്തനികളില്‍ സാധാരണമായി കണ്ടുവരുന്ന ഈ പ്രത്യേകത അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവുമായി ഇഴചേര്‍ന്നതാണ്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നത് സസ്തനികള്‍ അല്ലാത്ത ജീവികളും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്നെ കുടുംബമായി ജീവിക്കുന്ന രീതി ആരംഭിച്ചിരുന്നു എന്നാണ്.
പ്രായപൂര്‍ത്തിയായ ഒരു മൃഗം അവരുടെ സന്താനങ്ങളെ വളരെയധികം സംരക്ഷിക്കുകയും, ജീവിച്ചിരിക്കുന്നതുവരെ തന്റെ കുഞ്ഞുങ്ങളെ ഒരു ഗുഹയില്‍ സുരക്ഷിതമായി ഒളിപ്പിക്കാറുണ്ടെന്നും പഠനം പറയുന്നു.
Get real time update about this post categories directly on your device, subscribe now.