പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണം; ‘ഗോ ബാക്ക്‌ അമിത്‌ഷാ’ വിളിച്ച് യുവതികൾ; പ്രതിഷേധമറിയിച്ച് പ്രദേശവാസികളും

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന് സമീപം ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്.

ഇന്ന് വെെകിട്ടോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനെന്ന പേരിൽ ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ അടക്കമുള്ള കോളനിവാസികൾ ഗോ ബാക്ക് വിളിച്ചത്.

വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.

സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇവരിൽ ഒരാൾ ബിരുദ വിദ്യാർത്ഥിനിയും, മറ്റയാൾ അഭിഭാഷകയുമാണ് ആണെന്നാണ് സൂചന. ഇതേത്തുടർന്ന് പൊലീസ് ഈ ഫ്ലാറ്റിലേക്ക് കയറി. തുടര്ന്ന് എന്താണ് ഈ യുവതികൾക്ക് നേരെ എടുത്ത നടപടിയെന്നതിൽ ഇനിയും വ്യക്തതയില്ല.

ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനാണ് പൊലീസ് നടപടി.

ലജ്പത് നഗർ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. സുരക്ഷിതമായി, ഇത്തരത്തിലൊരു പ്രചാരണ പരിപാടി നടത്താവുന്ന ഇടമെന്ന് കണ്ടാണ് ലജ്‌പത് നഗർ തന്നെ ബിജെപി പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here