ജെഎന്‍യുവില്‍ എബിവിപി അഴിഞ്ഞാട്ടം; വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ചു; ഇനിയും നടപടിയെടുക്കാതെ പൊലീസ്

പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ നിഷേധിച്ച് എബിവിപി അക്രമി സംഘം. ക്യാമ്പസിന്റെ പ്രധാന കവാടത്തിലൂടെ എത്തിയ അഞ്ചോളം ആംബുലന്‍സുകളെ അകത്തേക്ക് വിടാതെയാണ് അക്രമി സംഘം തടഞ്ഞത്. ഇതോടൊപ്പം ക്യാമ്പസിനകത്തുള്ള പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പുറത്തേക്ക് ഇറങ്ങാനും അനുവദിക്കാതെയാണ് സംഘം ക്യാമ്പസിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ക്യാമ്പസിലെത്തിയ ആംബുലന്‍സിന്റെ കാറ്റഴിച്ചു വിടുകയും മറ്റു വാഹനങ്ങള്‍ തടയുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ സഹായം ഉള്‍പ്പെടെയുള്ളവ എത്തിച്ച് നല്‍കുന്നതില്‍ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരൊക്കെയും ക്യാമ്പസിനകത്ത് കുടുങ്ങിക്കിടക്കുന്ന ഒരു സ്ഥിതിയാണ് നിലവിലുള്ളത്. ആക്രമണത്തില്‍ എത്രത്തോളം പേര്‍ക്ക് പരിക്കേറ്റു എന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ കണക്കുകളും ലഭ്യമായിട്ടില്ല. ഇതോടെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എബിവിപി ആര്‍എസ്എസ് സംഘം നടത്തിയത് സര്‍ക്കാര്‍ സഹായത്തോടെയുള്ള ആസൂത്രിത ആക്രമണമാണെന്നത് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ ഈ നടപടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേന്ദ്ര സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ അക്രമം അഴിച്ചുവിട്ട പൊലീസ് ഇപ്പോള്‍ എബിവിപി ഗുണ്ടാസംഘത്തിന് മുന്നില്‍ കൈകെട്ടി നോക്കി നില്‍ക്കുന്ന കാഴ്ച്ചയാണ് ജെഎന്‍യുവില്‍ കാണാനാകുന്നത്. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോള്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു ദില്ലി പൊലീസ്. ക്യാമ്പസിനകത്ത് വിദ്യാര്‍ത്ഥികളെ കാണാനെത്തിയ യോഗേന്ദ്ര യാദവിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും തള്ളി താഴെയിടുകയായിരുന്നു.

100 ഓളം എബിവിപി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടിയാണ് അക്രമം അഴിച്ചുവിട്ടത്. 50 ഓളം അക്രമികള്‍ ഇപ്പോഴും ക്യാംപസിനകത്ത് റോന്ത് ചുറ്റുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും പുറത്ത് നിന്നുള്ളവരുമാണ് ക്യാമ്പസിനകത്ത് അക്രമം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ എസ്എഫ്‌ഐ നേതാവും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷിനും ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര യാദവിനും സര്‍വകലാശാലയിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു.

തലയില്‍ ആഴത്തില്‍ പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട അക്രമിസംഘം തുടര്‍ന്ന് സബര്‍മതി ഹോസ്റ്റിലിനുള്ളിലും അതിക്രമിച്ചു കയറി ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ സര്‍വകലാശാലയില്‍ സമരം നടന്നു വരികയായിരുന്നു.

ഇന്ന് അധ്യാപകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് മാരകായുധങ്ങളുമായി എബിവിപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അതേസമയം അക്രമത്തില്‍ പ്രതിഷേധിച്ച് ദില്ലി പൊലീസ് ആസ്ഥാനം വളയാന്‍ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി തന്നെ വിദ്യാര്‍ത്ഥികള്‍ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ജെഎന്‍യുവിലെ സംഭവം ഞെട്ടിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News