ലാത്തിയും, വടികളും, ചുറ്റികയുമായി അഴിഞ്ഞാട്ടം; 3 ഹോസ്റ്റലുകള്‍ക്ക് നേരെ ആക്രമണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത് മാരക ആയുധങ്ങളുമായി മുഖം മൂടി ധരിച്ചെത്തിയ അക്രമി സംഘം. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍ അടക്കം കയറിയിറങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ളവ തല്ലിതകര്‍ക്കുകയും ആണ് ഉണ്ടായത്. കല്ലുകള്‍ എറിഞ്ഞ ശേഷം സബര്‍മതി ഹോസ്റ്റലും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നു. സബര്‍മതി ഹോസ്റ്റല്‍, മഹി മാണ്ഡ്വി ഹോസ്റ്റല്‍, പെരിയാര്‍ ഹോസ്റ്റല്‍ എന്നിവിടങ്ങളിലാണ് ആക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ ആളുകള്‍ ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ വ്യക്തമാക്കി.

എബിവിപിയാണ് അക്രമത്തിന് പിന്നിലെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ആരോപിച്ചു. പെരിയാര്‍ ഹോസ്റ്റലിലേക്ക് പൈപ്പുകളിലൂടെ കയറിയ സംഘം മുഖം മറച്ച് അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ വിശദമാക്കി.

മുഖം മറച്ച് ലാത്തിയും, വടികളും, ചുറ്റികയുമായി ക്യാംപസില്‍ എബിവിപി അംഗങ്ങള്‍ അഴിഞ്ഞാടുകയാണെന്നും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ട്വീറ്റ് ചെയ്തു. അക്രമി സംഘത്തിലെ ആളുകളുടെ ചിത്രങ്ങളും വീഡിയോകളും ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ജെഎന്‍യുവില്‍ നടക്കുന്ന അക്രമം ഞെട്ടിപ്പിക്കുന്നതാണെന്നും കുട്ടികള്‍ക്ക് നേരെ നടന്ന അക്രമം രൂക്ഷമാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ദില്ലി പൊലീസ് ക്യാംപസില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ അത്യാവശ്യമായി സ്വീകരിക്കണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു.

ജെഎന്‍യുവില്‍ സംഘര്‍ഷത്തിന് പിന്നാലെ സര്‍വകലാശാലയിലേക്കുള്ള  റോഡുകള്‍ പൊലീസ് അടച്ചു.  ഇതോടെ രാഷ്ട്രീയ നേതാക്കളും ആംബുലന്‍സുകളും അടക്കം സര്‍വകലാശാലയിലേക്കുള്ള പലര്‍ക്കും അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയായി.

പ്രധാന ഗേറ്റിന് മുന്നില്‍ അധ്യാപകര്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇതും തടഞ്ഞു.  ഇതോടെ പൊലീസ് അക്രമികള്‍ക്ക് സൗകര്യമൊരുക്കുന്നുവെന്ന് ആരോപിച്ച്  ജെഎന്‍യു അധ്യാപകര്‍ രംഗത്തെത്തി.  നിലവില്‍ പ്രധാന ഗേറ്റിന് പുറത്ത് അധ്യാപകര്‍ കൂടിനില്‍ക്കുകയാണ്.

അതേസമയം സംഭവത്തില്‍  ദില്ലി പൊലീസ് ആസ്ഥാനത്ത് ജാമിയ മിലിയ വിദ്യാര്ത്ഥികള്‍  പ്രതിഷേധം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News