ഒടുവിൽ കേരള ബ്ലാസ‌്റ്റേഴ‌്സ‌് കളംനിറഞ്ഞു. എതിർവലയിൽ ഗോളും നിറച്ചു. ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ ആഘോഷം. ഐഎസ‌്എലിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന്. കൊച്ചിയിൽ ഒരു ഗോളിന‌് പിന്നിട്ടുനിന്നശേഷമായിരുന്നു ബ്ലാസ‌്റ്റേഴ‌്സ‌് അമ്പരിപ്പിച്ചത‌്. ഇരട്ടഗോളുമായി ക്യാപ‌്റ്റൻ ബർതലോമേവ‌് ഒഗ‌്ബച്ചെ നയിച്ചു. വ്ലാട‌്കോ ഡ്രൊബറോവും റാഫേൽ മെസി ബൗളിയും സെയ‌്ത്യാസെൻ സിങ്ങും ചേർന്ന‌് പട്ടിക പൂർത്തിയാക്കി. ഹൈദരാബാദിനായി ബോബോയാണ‌് ഗോളടിച്ചത‌്. ജയത്തോടെ 11 കളിയിൽ 11 പോയിന്റുമായി ഏഴാമതെത്തി ബ്ലാസ‌്റ്റേഴ‌്സ‌്.
പതിനൊന്ന‌് മത്സരങ്ങളിൽ ബ്ലാസ‌്റ്റേഴ‌്സിന്റെ രണ്ടാം ജയം മാത്രമാണിത‌്. ആദ്യ ജയം ആദ്യ കളിയിലായിരുന്നു. ശേഷം അഞ്ച‌് സമനില, നാല‌് തോൽവി. അതിനിടയിൽ കളിക്കാരുടെ നീണ്ട പരിക്കും. ചലനമില്ലാത്ത, മടുപ്പിക്കുന്ന ഒമ്പത‌് കളികൾക്കുശേഷം പുതുശ്വാസം തേടിയാണ‌് എൽകോ ഷട്ടോരിയുടെ കുട്ടികൾ കൊച്ചിയിൽ ഇറങ്ങിയത‌്. കളിയുടെ ആദ്യഘട്ടത്തിൽ ആസൂത്രണമില്ലാത്ത നീക്കങ്ങൾകൊണ്ട‌് കാഴ‌്ചക്കാരുടെ ക്ഷമ പരീക്ഷിച്ചു. മധ്യനിരക്കാരൻ സെയ‌്ത്യാസെൻ സിങ്ങിന്റെ നല്ല ക്രോസുകളായിരുന്നു പ്രതീക്ഷ നൽകിയ കാഴ‌്ചകൾ.
പെട്ടെന്നുതന്നെ ബ്ലാസ‌്റ്റേഴ‌്സ‌് ഗോൾവഴങ്ങി. അഭിഷേക‌് ഹാൾദെറിന്റെ പാസ‌് മാഴ‌്സെലീന്യോ ഏറ്റുവാങ്ങുമ്പോൾ തടയാൻ ആരുമുണ്ടായില്ല. മാഴ‌്സെലീന്യോ വലയ‌്ക്ക‌് മുന്നിലേക്ക‌് തൊടുത്തു. ഓടിയെത്തിയ ബോബോയ‌്ക്ക‌് കാൽകൊണ്ട‌് തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. വലയ‌്ക്കരികെ പരിശീലകൻ ഷട്ടോരി തലയിൽ കൈവച്ചിരുന്നു.
അവിടംതൊട്ട‌് ബ്ലാസ‌്റ്റേഴ‌്സിന്റെ കളി മാറി. 12 മിനിറ്റിൽ മൂന്ന‌് ഗോൾകൊണ്ട‌് മറുപടി. ആദ്യം ക്യാപ‌്റ്റൻ ഒഗ‌്ബെച്ചെ. മധ്യവരയ‌്ക്ക‌് പിന്നിൽവച്ച‌് ജിയാനി സുയ‌് വർലൂൺ ഹൈദരാബാദ‌് പ്രതിരോധത്തെ പിളർത്തി പന്തൊഴുക്കി. ത്രൂബോൾ ഒഗ‌്ബെച്ചെ പിടിച്ചെടുത്തു. ഹൈദരാബാദ‌് പ്രതിരോധം പിന്നിലോടി. ഗോൾകീപ്പർ ലക്ഷ‌്മികാന്ത‌് കട്ടിമണി അപകടമറിഞ്ഞ‌് മുന്നോട്ടാഞ്ഞു. ഒഗ‌്ബെച്ചെ കട്ടിമണിയെയും വെട്ടിച്ചു. സുന്ദരമായൊരു ഷോട്ട‌് വലയിൽ പതിഞ്ഞു.
ആറ‌് മിനിറ്റ‌് ഇടവേളയിൽ കട്ടിമണി വീണ്ടും വിളറി. വലതുഭാഗത്ത‌് ജെസെൽ കർണെയ‌്റോയുടെ കിക്ക‌്. ജീക‌്സൺ സിങ്ങും മുഹമ്മദ‌് നിങ്ങും ചേർന്ന‌് സെയ‌്ത്യാസനിലേക്ക‌്. കുറിയ ക്രോസായിരുന്നു സെയ‌്ത്യാസെൻ വലയ‌്ക്ക‌് മുന്നിലേക്ക‌് തൊടുത്തത‌്. കട്ടിമണിയുടെ കൈകൾക്കിടയിലൂടെ പന്ത‌് ഡ്രൊബറോവിലേക്ക‌്. പന്ത‌് പോസ‌്റ്റിൽ തട്ടി വലയ‌്ക്കുള്ളിലേക്ക‌് വീണു.
മറ്റൊരു ആറ‌് മിനിറ്റ‌് ഇടവേളയിൽ മൂന്നാമതും ബ്ലാസ‌്റ്റേഴ‌്സ‌് മുന്നേറ്റം ഇരമ്പിയെത്തി. ലോങ‌് ക്രോസ‌് മെസി ബൗളി ബോക‌്സിന‌് തൊട്ടുമുന്നിൽവച്ച‌് നെഞ്ചിൽ ഏറ്റുവാങ്ങി. നിയന്ത്രിച്ച‌് ഇടതുഭാഗത്ത‌് ഹാളീചരൺ നർസാറിയിലേക്ക‌്. ഈ മധ്യനിരക്കാരൻ പാകത്തിന‌് ഇട്ടുകൊടുത്തു. മെസി ബൗളി ഊർന്നിറങ്ങി. രണ്ടാംപകുതിയിലും ബ്ലാസ‌്റ്റേഴ‌്സ‌് അവസാനിപ്പിച്ചില്ല. സെയ‌്ത്യാസെന്റെ തകർപ്പനടി കട്ടിമണിയുടെ കൈയിൽതട്ടി കടന്നു. ജെസെൽ കർണെയ‌്റോയിൽ പന്തേറ്റുവാങ്ങി സെയ‌്ത്യാസെൻ ബോക‌്സിന്റെ വലതുവശം ചേർന്ന‌് കുതിച്ചു. ബോക‌്സിന‌് പുറത്തുവച്ചുതന്നെ തൊടുത്തു.
അഞ്ചാം ഗോളിന‌് അധികം കാത്തിരിക്കേണ്ടിവന്നില്ല. ഒഗ‌്ബെച്ചെ വീണ്ടുമെത്തി. മെസി ബൗളി വഴിതെളിച്ചു. കീപ്പർ ടി പി രെഹ‌്നേഷിന്റെ ലോങ‌് ബോൾ മെസി ബൗളി ഏറ്റുവാങ്ങി. പന്ത‌് ഒഗ‌്ബെച്ചെയിലേക്ക‌്. ആ നീക്കത്തിൽ കട്ടിമണിക്ക‌് ഉത്തരമുണ്ടായില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ നൂറാം ഗോളായിരുന്നു ഇത്. മത്സരശേഷം ബ്ലാസ്‌റ്റേഴ്‌സ്‌് ട്വിറ്ററിൽ കുറിച്ചു ‘5‐1‐2020’.
12ന‌് എടികെയുമാണ‌് അടുത്ത കളി. കൊൽക്കത്തയാണ‌് വേദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here